അൽഖോബാർ: അക്റബിയ ഖുർആനിക് സ്‌കൂൾ പ്രവേശനോത്സവവും സനദ് ദാന സമ്മേളനവും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഇരുപത് വർഷത്തോളമായി അൽഖോബാർ അക്റബിയയിൽ പ്രവർത്തിക്കുന്ന മദ്രസയിലെ വിദ്യാർത്ഥികളും രക്ഷിതാക്കളുമടക്കം നാനൂറിലധികം പേർ സമ്മേളനത്തിൽ പങ്കെടുത്തു. അബ്‌ദുൽ ലത്തീഫ് ഓമശ്ശേരി രക്ഷാകർതൃത്വം ഇസ്‌ലാമിക വീക്ഷണത്തിൽ എന്ന വിഷയത്തിൽ നടത്തിയ പഠന ക്ലാസ് വിജ്ഞാനപ്രദമായി.
കുട്ടികളെ ചരിത്രപുരുഷന്മാരാക്കുന്നതിൽ രക്ഷിതാക്കൾക്കുള്ള ദീർഘവീക്ഷണവും പ്ലാനിങും വളരെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം ചരിത്രസംഭവങ്ങളെ മുൻനിർത്തി വിശദീകരിച്ചു. മദ്രസ പ്രിൻസിപ്പൽ എം.എച്ച് നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡണ്ട് മുജീബ് കളത്തിൽ സമ്മേളനം ഉത്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ അബ്‌ദുള്ള മാമ്പ്ര, മദ്രസ അധ്യാപകൻ യൂനുസ് സിറാജുദ്ദീൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ കെ.എം. സാബിഖ് സ്വാഗതം പറഞ്ഞു. പുതുതായി പ്രവേശനം നേടിയ പിഞ്ചു കുരുന്നുകളുടെ സ്വാഗത സംഗീതം, അറബിക് ഗാനം, മലയാളം പ്രസംഗം, പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും സംഘഗാനം തുടങ്ങിയവ പരിപാടിക്ക് മാറ്റ് കൂട്ടി. പെൺകുട്ടികൾ അവതരിപ്പിച്ച ഒപ്പന സദസ്സിന്റെ കൈയടി നേടി. സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ റീൽസ് ക്രിയേഷൻ മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങളും ഹിക്‌മ ടാലന്റ് പരീക്ഷയിൽ വിജയികളായവർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. റഷീദ് ഉമർ നയിച്ച തൽക്ഷണ ക്വിസിൽ രക്ഷിതാക്കളും ആവേശപൂർവം പങ്കെടുത്തു.
ഏഴാം ക്ലാസ് പൂർത്തീകരിച്ച് ബോർഡ് പരീക്ഷ വിജയിച്ചവർക്കുള്ള സനദ് ദാന ചടങ്ങിൽ തനിമ പ്രൊവിൻസ് പ്രസിഡണ്ട് അൻവർ ഷാഫി സനദ് ദാന പ്രഭാഷണം നിർവഹിച്ചു. തനിമ ഖോബാർ മേഖല പ്രസിഡണ്ട് എസ്.ടി. ഹിഷാം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം.എച്ച്. നൂറുദ്ദീൻ സംസാരിച്ചു. ഓൺലൈൻ സംവിധാനത്തിൽ നിന്ന് മാറി കുട്ടികൾക്ക് മതപഠനത്തോടൊപ്പം അവരുടെ സർഗശേഷി വളർത്താനുതകുന്ന പാഠ്യപദ്ധതികളാണ് മദ്രസ പിന്തുടരുന്നതെന്നും പരിചയസമ്പന്നരായ അധ്യാപകർ നൽകുന്ന ശിക്ഷണങ്ങൾ തുടങ്ങിയവ അക്റബിയ മദ്രസയുടെ പ്രത്യേകതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തനിമ കേന്ദ്ര സെക്രെട്ടറി മുജീബ് റഹ്‌മാൻ, മുജീബ് കളത്തിൽ, എം.ടി.എ. പ്രസിഡണ്ട് നാദിറ, സിറാജുദ്ധീൻ അബ്ദുല്ല എന്നിവർ സംസാരിച്ചു. സഫ്‌വാൻ, റഷീദ് ഉമർ സംബന്ധിച്ചു. അബ്‌ദുള്ള മാമ്പ്ര നന്ദി പറഞ്ഞു. ആരിഫലി, ഫൗസിയ മൊയ്‌തീൻ എന്നിവർ അവതാരകരായിരുന്നു.