-റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ ബോയ്സ് സ്കൂളിൽ
-നാലിന് ബോളിവുഡ് ഗായകൻ സൽമാൻ അലി നയിക്കുന്ന ‘താൽ’
-അഞ്ചിന് മലയാളി താരം കുഞ്ചോക്കോ ബോബൻ നയിക്കുന്ന ‘വൈബ്സ് ഓഫ് കേരള’
റിയാദ്: ഇന്തോ-സൗദി സാംസ്കാരിക മഹോത്സവമായി റിയാദിൽ ഒരുങ്ങുന്ന ‘ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റ്’ ഒക്ടോബർ നാല്, അഞ്ച് തീയതികളിൽ അരങ്ങേറും. റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ ബോയ്സ് സ്കൂൾ കാമ്പസിൽ നടക്കുന്ന മഹോത്സവം സൗദിയിലെ പ്രവാസി സമൂഹത്തിന് അവിസ്മരണീയ അനുഭവം പകരും.
ബോളിവുഡ് ഗായകൻ സൽമാൻ അലി നയിക്കുന്ന ഇന്ത്യൻ സംഗീതമേള ‘താൽ’, മലയാളി താരം കുഞ്ചോക്കോ ബോബൻ നയിക്കുന്ന കലാവിരുന്ന് ‘വൈബ്സ് ഓഫ് കേരള’, രുചിപ്പെരുമകളുടെ ഫുഡ് കോർണർ, കേരളത്തിലെയും സൗദിയിലെയും വ്യാപാരസ്ഥാപനങ്ങൾ പങ്കെടുക്കുന്ന പ്രൊപ്പർട്ടി ഷോ, ട്രേഡ് എക്സ്പോ, കുട്ടികൾക്കും മുതിർന്നവർക്കും ആകർഷകസമ്മാനങ്ങളുമായി ലിറ്റിൽ ആർട്ടിസ്റ്റ് ഡ്രോയിങ് ആൻഡ് പെയിൻറിങ്, സിങ് ആൻഡ് വിൻ മത്സരങ്ങൾ എന്നിവയാണ് നടക്കുന്നത്. ഉദ്ഘാടന പരിപാടിയിൽ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥർ ഉൾപ്പടെ ഇന്ത്യയിലെയും സൗദിയിലെയും പ്രമുഖർ പങ്കെടുക്കും.
ഒക്‌ടോബർ നാലിന് വെള്ളിയാഴ്ച പാൻ ഇന്ത്യൻ പ്രേക്ഷകരെ ആകർഷിക്കുന്ന കലാസാംസ്കാരിക വിരുന്നായാണ് ‘താൽ’ അരങ്ങേറുക. പ്രശസ്ത ബോളിവുഡ് ഗായകനും യുവാക്കളുടെ ഹരവും ആവേശവുമായ സൽമാൻ അലിയുടെ ബാൻഡിനോടൊപ്പം പുതുതലമുറ ഗായകരായ ഭൂമിക, രചന ചോപ്ര, സൗരവ്, ഷെറിൻ എന്നിവർ അണിനിരക്കും. പോപ്പ്, റോക്ക്, സൂഫി നാദധാരകൾ സമ്മേളിക്കുന്ന സംഗീത വിരുന്ന് ഇന്ത്യ, പാക്, ബംഗ്ലാദേശ് കലാസ്വാദകർക്ക് പുതിയ അനുഭൂതി പകരും.
ഒക്ടോബർ അഞ്ചിന് ശനിയാഴ്ച പ്രവാസി മലയാളികളുടെ ഓണാഘോഷത്തിന് നിറപ്പകിട്ടുള്ള പരിസമാപ്‌തി എന്ന നിലയിൽ അരങ്ങേറുന്ന ‘വൈബ്സ് ഓഫ് കേരള’യിൽ താരങ്ങളായ കുഞ്ചാക്കോ ബോബൻ, സ്റ്റീഫൻ ദേവസി, യുവഗായകരായ നിത്യ മാമൻ, കെ.എസ്. ഹരിശങ്കർ, ക്രിസ്റ്റകല, അക്ബർ ഖാൻ, നടനും നർത്തകനുമായ മുഹമ്മദ് റംസാൻ, അവതാരകൻ മിഥുൻ രമേശ് എന്നിവർ അണിനിരക്കും.
രണ്ടുദിവസവും ഉച്ചക്ക് ശേഷം മൂന്ന് മുതൽ ഫുഡ് കോർണർ, പ്രൊപ്പർട്ടി ഷോ, ട്രേഡ് എക്സ്പോ, കുട്ടികൾക്കും മുതിർന്നവർക്കും ആകർഷകസമ്മാനങ്ങളുമായി ലിറ്റിൽ ആർട്ടിസ്റ്റ് ഡ്രോയിങ് ആൻഡ് പെയിൻറിങ്, സിങ് ആൻഡ് വിൻ മത്സരങ്ങൾ എന്നിവ നടക്കും. സൗദിയിലെ പ്രവാസി സമൂഹത്തിൽനിന്ന് രജിസ്റ്റർ ചെയ്തവർക്കാണ് ഈ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം. https://greatindiafest.com എന്ന ഓൺലൈൻ ലിങ്കിൽ പ്രവേശന പാസ് ബുക്ക് ചെയ്യാം. രണ്ട് ദിവസവും ഉച്ചകഴിഞ്ഞ് മൂന്നുമുതൽ പരിപാടി സ്ഥലത്തേക്ക് ആളുകളെ പ്രവേശിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.