മദീന– സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ അല്‍ഉല ആനന്ദ് അംബാനിയും ഭാര്യ രാധിക മെര്‍ച്ചന്റും സന്ദര്‍ശിച്ചു. ലോകത്തെ ഏറ്റവും വലിയ ചില്ല് കെട്ടിടമായ, അല്‍ഉലയിലെ മറായ കണ്‍സേര്‍ട്ട് ഹാളിന് മുന്നില്‍ നിന്നുള്ള ഇരുവരുടെയും ഫോട്ടോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഏഷ്യയിലെ ഏറ്റവും ധനികനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനിയുടെ ഇളയ മകനാണ് 30 കാരനായ ആനന്ദ് അംബാനി. കുടുംബ ബിസിനസില്‍ നേതൃസ്ഥാനങ്ങള്‍ വഹിക്കുന്ന ആനന്ദ് അംബാനി പുനരുപയോഗ, ഹരിത ഊര്‍ജ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വരും വര്‍ഷങ്ങളില്‍ ഈ മേഖലയില്‍ 80 ബില്യണ്‍ ഡോളറിന്റെ നിക്ഷേപങ്ങള്‍ നടത്താനുള്ള പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നു.
ഇന്ത്യ കണ്ട ഏറ്റവും ആഡംബര വിവാഹമായിരുന്നു ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹം. ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ വിവാഹച്ചടങ്ങുകള്‍ക്ക് 5,000 കോടി രൂപയോളമാണ് മുകേഷ് അംബാനി പൊടിച്ചത്. അടുത്തിടെ ഇന്ത്യയിലെത്തിയ ലോക ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക് 10.91 കോടി രൂപ (12 ലക്ഷം അമേരിക്കന്‍ ഡോളര്‍) വിലവരുന്ന വാച്ച് ആനന്ദ് അംബാനി സമ്മാനിച്ചത് വലിയ വാര്‍ത്തയായിരുന്നു. ആനന്ദ് അംബാനിയുടെ വന്യജീവി സംരക്ഷണ കേന്ദ്രമായ വന്‍താരയില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് മെസ്സിക്ക് ആനന്ദ് അംബാനി വാച്ച് സമ്മാനിച്ചത്. മെസ്സി വാച്ച് ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നും ഉള്ളവയും, പരിക്കേറ്റതും, പീഡിപ്പിക്കപ്പെട്ടതുമായ മൃഗങ്ങളുടെ പുനരധിവാസത്തിനായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്, റിലയന്‍സ് ഫൗണ്ടേഷന്‍ എന്നിവ ചേര്‍ന്ന് രൂപീകരിച്ച പദ്ധതിയാണ് വന്‍താര. റിലയന്‍സിന്റെ ജാംനഗര്‍ റിഫൈനറി കോംപ്ലക്‌സിലെ ഗ്രീന്‍ ബെല്‍റ്റിനുള്ളില്‍ 3,000 ഏക്കറിലേറെ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന പദ്ധതിയാണിത്. ഇന്ത്യയില്‍ വന്യമൃഗങ്ങള്‍ക്കായി ആദ്യമായിട്ടാണ് ഇത്രയും വലിയ ഒരു പദ്ധതി നടപ്പാക്കിയത്.



