ജിദ്ദ – സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന്റെ ശക്തിക്ക് അടിവരയിട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വരാനിരിക്കുന്ന സൗദി സന്ദര്‍ശനത്തിന് മുന്നോടിയായി സൗദി അറേബ്യക്ക് 350 കോടി ഡോളര്‍ വിലമതിക്കുന്ന നൂതന വ്യോമ-വ്യോമ (എയര്‍-ടു-എയര്‍) മിസൈല്‍ സംവിധാനം വില്‍ക്കാന്‍ അമേരിക്ക സമ്മതിച്ചു.
പല രാജ്യങ്ങളുടെയും സൈനിക ആയുധപ്പുരകളിലെ പ്രധാന ഭാഗമായ 1,000 നൂതന എ.ഐ.എം-120സി-8 മധ്യദൂര എയര്‍-ടു-എയര്‍ മിസൈലുകള്‍, 50 അംറാം മിസൈല്‍ ഗൈഡന്‍സ് യൂനിറ്റുകള്‍, സ്‌പെയര്‍ പാര്‍ട്‌സ്, മിസൈല്‍ കണ്ടെയ്‌നറുകള്‍, ലോജിസ്റ്റിക്കല്‍ സപ്പോര്‍ട്ട് സേവനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റു ഉപകരണങ്ങള്‍ എന്നിവ സൗദി അറേബ്യക്ക് വില്‍ക്കാനുള്ള തീരുമാനം അമേരിക്കന്‍ കോണ്‍ഗ്രസിനെ അറിയിച്ചതായി അമേരിക്കന്‍ വിദശ മന്ത്രാലയം പറഞ്ഞു.

ഖത്തറും യു.എ.ഇയും ഉള്‍പ്പെടുന്ന പ്രാദേശിക പര്യടനത്തിന്റെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ഈ മാസം സൗദി അറേബ്യ സന്ദര്‍ശിക്കും. രണ്ടാമതും അധികാരമേറ്റതിനു ശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ യാത്രയാണിത്. ഉക്രൈനില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കാന്‍ ലക്ഷ്യമിട്ട് അമേരിക്കക്കും റഷ്യക്കുമിടയില്‍ മധ്യസ്ഥശ്രമങ്ങള്‍ക്ക് സൗദി അറേബ്യ വഹിക്കുന്ന നിര്‍ണായക പങ്കിന്റെ പശ്ചാത്തലത്തിലാണ് പുതിയ ആയുധ വില്‍പന കരാര്‍.
സൗദി അറേബ്യയുടെ മധ്യസ്ഥശ്രമങ്ങളെ ട്രംപ് ആവര്‍ത്തിച്ച് പ്രശംസിച്ചിട്ടുണ്ട്. സൗദി അറേബ്യയും അമേരിക്കയും തമ്മില്‍ എട്ട് പതിറ്റാണ്ടിലേറെയായി അടുത്ത സാമ്പത്തിക, തന്ത്രപരമായ ബന്ധങ്ങള്‍ നിലനില്‍ക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ആയി ആദ്യം ചുമതലയേറ്റ 2017 ല്‍ ട്രംപ് ആദ്യം നടത്തിയ വിദേശ സന്ദര്‍ശനവും സൗദിയിലേക്കായിരുന്നു.