റിയാദ്– അലിഫ് ഇൻ്റർനാഷണൽ സ്കൂളിൽ നടന്നുവരുന്ന വാർഷിക നാടക മത്സരയിനമായ ലിങ്കോ ഡ്രമാറ്റിക്സിന് ഉജ്ജ്വല സമാപനം. സർഗ്ഗാത്മകമായി വിദ്യാർത്ഥികളുടെ ആശയവിനിമയം വർധിപ്പിക്കുന്നതിനും ആവിഷ്കാരം, ആത്മവിശ്വാസം എന്നിവ വളർത്തുന്നതിനുമുള്ള ഒരു പരിപാടിയാണ് ലിങ്കോഡ്രാമാറ്റിക്സ്. സർഗാത്മകതയുടെയും ആവിഷ്കാരത്തിന്റേയും കാലാ വിസ്മയമായിരുന്നു ഒരോ നാടകവും. ഇംഗ്ലീഷ് സാഹിത്യത്തിലെ വില്യം ഷേക്സ്പിയറിൻ്റെ നാടകങ്ങൾ മുതൽ ആധുനിക സാങ്കേതിക വൈജ്ഞാനിക മുന്നേറ്റത്തെ അടയാളപ്പെടുത്തുന്ന എ.ഐ സങ്കേതങ്ങളെ പ്രമേയമാക്കിയ നാടകങ്ങളും വേദികളിൽ അരങ്ങേറി. മൂന്ന് വേദികളിലായി ഒന്നാം തരം മുതൽ എട്ടാംതരം വരെയുള്ള കുട്ടികൾ മത്സരത്തിൽ വേഷമണിഞ്ഞു. നാല് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ മുഴുവൻ മത്സരാർത്ഥികളും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.
കാറ്റഗറി ഒന്നിൽ ഗ്രേഡ് 2C യും കാറ്റഗറി രണ്ടിൽ 4B യും കാറ്റഗറി മൂന്നിൽ 6Aയും കാറ്റഗറി നാലിൽ 8Aയും ഗേൾസ് സെക്ഷനിൽ നിന്ന് ഒന്നാം സ്ഥാനം നേടി. ബോയ്സ് വിഭാഗത്തിൽ മൂന്ന്, നാല് കാറ്റഗറികളിലായി 6Gയും 7F ഉം ഒന്നാം സ്ഥാനം നേടി. ലിങ്കോ ഡ്രമാറ്റിക്സിന് നേതൃത്വം നൽകിയ മുഹമ്മദ് മുസ്തഫയെയും മെഹ്റിൻ മാജിദിനെയും അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സി ഇ ഒ ലുഖ്മാൻ അഹ്മദ്, പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ എന്നിവർ അഭിനന്ദിച്ചു.



