റിയാദ് – തലസ്ഥാന നഗരിയില്‍ 2022, 2023 വര്‍ഷങ്ങളില്‍ ഏറ്റവുമധികം വാഹനാപകടങ്ങള്‍ നടന്നത് കിഴക്കന്‍ റിയാദിലെ അല്‍റൗദ ഡിസ്ട്രിക്ടിലാണെന്ന് റിയാദ് നഗരസഭക്കു കീഴിലെ വാഹനാപകട നിരീക്ഷണ കേന്ദ്രം വെളിപ്പെടുത്തി. രണ്ടു വര്‍ഷത്തിനിടെ അല്‍റൗദ ഡിസ്ട്രിക്ടിലുണ്ടായ റോഡപകടങ്ങളില്‍ 2,170 പേര്‍ക്ക് പരിക്കേറ്റു. പെട്ടെന്നുള്ള വെട്ടിക്കല്‍, ഡ്രൈവിംഗില്‍ നിന്നുള്ള അശ്രദ്ധ എന്നിവ അടക്കം ഡ്രൈവര്‍മാരുടെ പെരുമാറ്റങ്ങളാണ് അല്‍റൗദയില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണം.
കിഴക്കന്‍ റിയാദിലെയും പശ്ചിമ റിയാദിലെയും ഡിസ്ട്രിക്ടുകളിലാണ് വാഹനാപകട നിരക്ക് കൂടുതല്‍. രണ്ടാം സ്ഥാനത്തുള്ള കിഴക്കന്‍ റിയാദിലെ നമാര്‍ ഡിസ്ട്രിക്ടില്‍ 1,049 പേര്‍ക്കും മൂന്നാം സ്ഥാനത്തുള്ള അല്‍രിമാല്‍ ഡിസ്ട്രിക്ടില്‍ 571 പേര്‍ക്കും പടിഞ്ഞാറന്‍ റിയാദിലെ തുവൈഖ് ഡിസ്ട്രിക്ടില്‍ 517 പേര്‍ക്കും രണ്ടു വര്‍ഷത്തിനിടെ വാഹനാപകടങ്ങളില്‍ പരിക്കേറ്റു. അഞ്ചാം സ്ഥാനത്തുള്ള അല്‍ആരിദ് ഡിസ്ട്രിക്ടില്‍ 331 പേര്‍ക്കും ആറാം സ്ഥാനത്തുള്ള പശ്ചിമ റിയാദിലെ ദഹ്‌റതുലബന്‍ ഡിസ്ട്രിക്ടില്‍ 299 പേര്‍ക്കും രണ്ടു കൊല്ലത്തിനിടെയുണ്ടായ റോഡപകടങ്ങളില്‍ പരിക്കേറ്റു. വടക്കന്‍ റിയാദിലെ ഡിസ്ട്രിക്ടുകളില്‍ ഗതാഗതത്തിരക്ക് കുറവായതിനാല്‍ അപകട നിരക്കും കുറവാണെന്ന് വാഹനാപകട നിരീക്ഷണ കേന്ദ്രം പറഞ്ഞു.