റിയാദ് – റിയാദിന്റെ ചരിത്രപ്പെരുമ വിളിച്ചോതുന്ന അൽമസാനിഅ് ഗ്രാമത്തിലെ പുരാതന അണക്കെട്ട് ഏഴു നൂറ്റാണ്ടുകൾക്കിപ്പുറവും പ്രതാപത്തോടെ സന്ദർശകരെ വരവേൽക്കുന്നു. റിയാദിന്റെ തെക്ക് ഭാഗത്ത് വാദി ഹനീഫയുടെ തീരത്താണ് ചരിത്രവും പ്രകൃതിഭംഗിയും ഒത്തുചേരുന്ന ഈ വിസ്മയമുള്ളത്. അൽഅറാസ് എന്നറിയപ്പെടുന്ന ഈ കല്ല് അണക്കെട്ട് ഗ്രാമത്തിന്റെ സമ്പന്നമായ ഭൂതകാലത്തിന്റെ നേർസാക്ഷ്യമാണ്. ഏകദേശം 150 മീറ്റർ നീളവും നാല് മീറ്റർ ഉയരവുമുള്ള ഈ നിർമ്മിതി കാലത്തെ അതിജീവിച്ച് ഇന്നും തലയുയർത്തി നിൽക്കുന്നു. ആധുനിക സൗദി അറേബ്യയുടെ സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെ കാലത്ത് ഉൾപ്പെടെ പലതവണ ഈ അണക്കെട്ട് പുനരുദ്ധാരണത്തിന് വിധേയമായിട്ടുണ്ട്. ഇന്ന് പതിനായിരം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള മനോഹരമായ തടാകവും ഹരിതാഭമായ പാർക്കും നീളമേറിയ നടപ്പാതകളും ഇരിപ്പിടങ്ങളും ഈ പ്രദേശത്തെ റിയാദിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറ്റുന്നു.
ഈത്തപ്പനത്തോട്ടങ്ങൾക്കും കൃഷിയിടങ്ങൾക്കും ജലസേചനം നൽകുന്ന കനാലുകളിൽ നിന്നാണ് അൽമസാനിഅ് എന്ന പേര് ഈ ഗ്രാമത്തിന് ലഭിച്ചതെന്ന് ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നു. സമൃദ്ധമായ കൃഷിയിടങ്ങളും ജലലഭ്യതയും കാരണം പഴയകാല ഭരണാധികാരികളുടെ പ്രിയപ്പെട്ട വിശ്രമകേന്ദ്രം കൂടിയായിരുന്നു ഈ പ്രദേശം. ചരിത്രകാരനായ ജോൺ ഗോർഡൻ ലോറിമറുടെ വിവരണങ്ങളിൽ പതിനായിരക്കണക്കിന് ഈത്തപ്പനകളും തഴച്ചുവളരുന്ന കൃഷിയിടങ്ങളുമുള്ള മനോഹരമായ ഒരു താഴ്വരയായാണ് ഇവിടം അടയാളപ്പെടുത്തിയിരിക്കുന്നത്. നഗരവൽക്കരണത്തിന് മുൻപ് ഒരു സ്വതന്ത്ര ഗ്രാമമായിരുന്ന അൽമസാനിഅ്, ഇന്ന് റിയാദിലെ തിരക്കേറിയ ഡിസ്ട്രിക്ടുകളിൽ ഒന്നാണെങ്കിലും അതിന്റെ പുരാതനമായ പ്രൗഢി ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു. ചരിത്രകുതുകികൾക്കും പ്രകൃതിസ്നേഹികൾക്കും ഒരുപോലെ പ്രിയപ്പെട്ട ഈ അണക്കെട്ട് സൗദി അറേബ്യയുടെ സാംസ്കാരിക പൈതൃകത്തിന്റെ ഉത്തമ ഉദാഹരണമാണ്.



