റിയാദ്– ഫുട്ബോൾ ലോകം ഒരു കാലത്ത് ഉറ്റു നോക്കിയിരുന്ന ലയണൽ മെസ്സി – ക്രിസ്റ്റ്യാനോ റൊണാൾഡോ പോരാട്ടത്തിന് സൗദി അറേബ്യ വേദിയാകുമോ. നിലവിൽ ഫുട്ബോൾ ലോകത്ത് ചർച്ച ചെയ്യുന്ന വിഷയമായി മാറിയിരിക്കുകയാണ് മെസ്സി സൗദി ക്ലബ്ബായ അൽ ഇത്തിഹാദിന് വേണ്ടി കളിക്കുമോ എന്നത്. ഇതിഹാസ താരത്തെ എന്ത് വില കൊടുത്തു ടീമിലെത്തിക്കാൻ തയ്യാറാണെന്ന് അറിയിച്ച് അൽ ഇത്തിഹാദ് രംഗത്തെത്തി. മെസ്സി ആവശ്യപ്പെടുന്ന ശമ്പളവും ആഗ്രഹിക്കുന്ന അത്രയും കാലം ടീമിൽ തുടരാനുള്ള ‘ആജീവനാന്ത’ കരാറും നൽകാൻ താൻ തയ്യാറാണെന്ന് ക്ലബ്ബ് പ്രസിഡന്റ് അൻമർ അൽ ഹെയ്‌ലി വ്യക്തമാക്കി. പണമല്ല, ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തെ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പി.എസ്.ജി വിട്ട സമയത്ത് മെസ്സിയെ ടീമിൽ എത്തിക്കാൻ അൽ ഇത്തിഹാദ് വർഷത്തിൽ 1.4 ബില്യൺ യൂറോ (ഏകദേശം 12,000 കോടിയിലധികം രൂപ) എന്ന റെക്കോർഡ് തുക നൽകാൻ തയ്യാറായെങ്കിലും താരം കുടുംബത്തിന് പ്രാധാന്യം കൊടുത്ത് അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമി തിരഞ്ഞെടുക്കുകയായിരുന്നു. അന്ന് കുടുംബത്തിനായി അത്രയും വലിയ തുക വേണ്ടെന്ന് വെച്ച മെസ്സിയുടെ തീരുമാനത്തെ ഞങ്ങൾ ബഹുമാനിക്കുന്നു. എങ്കിലും അദ്ദേഹത്തിനായി ഞങ്ങളുടെ വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും അൽ ഹെയ്‌ലി കൂട്ടിചേർത്തു.
മെസ്സി കൂടി സൗദി പ്രോ ലീഗിലേക്ക് എത്തുകയാണെങ്കിൽ, അത് ലീഗിന്റെ ജനപ്രീതി ആഗോളതലത്തിൽ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നതിൽ സംശയമില്ല.



