റിയാദ്: അല്‍ഹരീഖില്‍ നടന്നുവരുന്ന ഒമ്പതാമത് വാർഷിക സിട്രസ് ഫെസ്റ്റിവല്‍ നഗരിയിലേക്ക് സന്ദര്‍ശകരുടെ പ്രവാഹം. അഗ്രിക്കള്‍ച്ചറല്‍ സര്‍വീസസ് കമ്പനി സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിന്റെ മൂന്നാം ദിനത്തില്‍ 70,677 സന്ദര്‍ശകരാണ് എത്തിയത്. ഏഴു ദിവസം കൂടി ഫെസ്റ്റിവൽ തുടരും.
കാര്‍ഷികാനുഭവങ്ങള്‍, വിനോദ പ്രവര്‍ത്തനങ്ങള്‍, പ്രാദേശിക ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഈ നാരങ്ങ ഉത്സവത്തിലേക്ക് ആയിരക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. 53 സിട്രസ് ഫ്രൂട്ട് പവലിയനുകളും 28 തേല്‍ ഉല്‍പ്പന്ന പവലിയനുകളും ഈത്തപ്പഴങ്ങളുടേയും ഈത്തപ്പഴ ഉല്‍പ്പന്നങ്ങളുടേയും 22 പവലിയനുകളുമാണ് ഫെസ്റ്റിവലില്‍ ഒരുക്കിയിരിക്കുന്നത്. വിവിധ നാരക ചെടികളുടെ വില്‍പ്പനയും കൃഷിരീതികള്‍ പരിചയപ്പെടുത്തുകയും ചെയ്യുന്ന കാര്‍ഷിക നഴ്‌സറികളും ഫെസ്റ്റിവലില്‍ സജീവമാണ്. കൂടാതെ ടൂറിസം അനുഭവം നല്‍കുന്നതിന് 12 സ്വകാര്യ ഓറഞ്ച് ഫാമുകളിലേക്കുള്ള സന്ദര്‍ശന യാത്രയും ഈ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

ഒരു വേറിട്ട വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ഈ ഫെസ്റ്റിവലിന് ലഭിക്കുന്നത്. ജനപ്രിയ ഭക്ഷണ വിഭവങ്ങളുടെ രുചിവൈവിധ്യം അറിയാനും സന്ദർശകർക്ക് ഇവിടെ അവസരമുണ്ട്. ചെറുനാരകത്തൊലികളിൽ വിളമ്പുന്ന ഭക്ഷണം ഇവിടെ വേറിട്ട അനുഭവമാണ്.

സ്വയംതൊഴിൽ സംരഭങ്ങൾ നടത്തുന്നവർക്കായി പരമ്പരാഗത രീതിയിൽ സജ്ജീകരിച്ച 36 സ്റ്റാളുകൾ സിട്രസ് ഫെസ്റ്റിവലിന്റെ മറ്റൊരു ആകർഷണമാണ്. ഈ സ്റ്റാളുകളിലാണ് വിവിധ ജനപ്രിയ ഭക്ഷണവിഭവങ്ങളുടെ വിൽപ്പന. വരുമാനം മെച്ചപ്പെടുത്തിയും കൃഷി, ഉല്‍പാദനം, വിപണനം എന്നീ മേഖലകളില്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കിയും സ്വയം തൊഴില്‍ സംരംഭങ്ങള്‍ നടപ്പാക്കുന്ന കുടുംബങ്ങള്‍ക്ക് സിട്രസ് ഫെസ്റ്റിവല്‍ വലിയ പിന്തുണ നൽകുന്നു.