റിയാദ് – അല്‍അറൂബ ടണല്‍ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയായതായി കിംഗ് സല്‍മാന്‍ പാര്‍ക്ക് ഫൗണ്ടേഷന്‍ അറിയിച്ചു. ടണലിന് ആകെ 2,150 മീറ്റര്‍ നീളമാണുള്ളത്. പാര്‍ക്കിന്റെ ബാക്കി ഘടകങ്ങളുമായി സംയോജിപ്പിക്കുന്ന ടണല്‍, പാര്‍ക്ക് ഘടകങ്ങളുടെ പരസ്പരബന്ധം ശക്തിപ്പെടുത്തുന്നു. ഇത് റിയാദ് നിവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും എളുപ്പമുള്ള ഗതാഗതം നല്‍കുകയും കിംഗ് സല്‍മാന്‍ പാര്‍ക്ക് പദ്ധതിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യും.
ഓരോ ദിശകളിലും വാഹനങ്ങള്‍ക്ക് മൂന്നു ട്രാക്കുകളും എമര്‍ജന്‍സി ആവശ്യങ്ങള്‍ക്ക് ഒരു ട്രാക്കുമുള്ള ടണലിലൂടെ മണിക്കൂറില്‍ 1,40,000 വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കും. അഞ്ചു എമര്‍ജന്‍സി എക്‌സിറ്റുകളും നൂതന ട്രാഫിക് സംവിധാനങ്ങളും ടണലിലുണ്ട്. സല്‍മാനിയ വാസ്തുവിദ്യാ തത്വങ്ങള്‍ പ്രചോദനത്തിന്റെ ഉറവിടമായി സ്വീകരിച്ച് സമകാലികവും ആധികാരികവുമായ വാസ്തുവിദ്യാ ശൈലിയിലാണ് തുരങ്കം നിര്‍മിച്ചിരിക്കുന്നത്. തുരങ്കത്തിലെ വ്യത്യസ്ത ഷേഡുകള്‍ റിയാദ് നഗരത്തിലെ പാറക്കെട്ടുകളെയും ഭൂമിയുടെ പാളികളെയും അനുകരിക്കുന്നു. ചടുലമായ നിറങ്ങള്‍ അറൂബ ടണലിന് വ്യതിരിക്തമായ ഒരു പാറ്റേണും കലാപരമായ ആസ്വാദനവും നല്‍കുന്നു.