ദമാം – ദമാം കിംഗ് അബ്ദുല്‍ അസീസ് തുറമുഖത്തെ ഉപയോഗത്തിന് 80 ഇലക്ട്രിക് ട്രക്കുകള്‍ നിര്‍മിച്ച് നല്‍കാന്‍ സൗദി ഗ്ലോബല്‍ പോര്‍ട്ട്‌സ് കമ്പനിയും മുന്‍നിര ചൈനീസ് കമ്പനിയായ സാനിയും കരാര്‍ ഒപ്പുവെച്ചതായി സൗദി പോര്‍ട്ട്‌സ് അതോറിറ്റി അറിയിച്ചു. ഇതോടെ മധ്യപൗരസ്ത്യദേശത്ത് ഇത്രയധികം ഇലക്ട്രിക് ട്രക്കുകള്‍ ഉപയോഗിക്കുന്ന ഏറ്റവും വലിയ തുറമുഖമായി ദമാം തുറമുഖം മാറും. സൗദി പോര്‍ട്ട്‌സ് അതോറിറ്റിയും സൗദി ഗ്ലോബല്‍ പോര്‍ട്ട്‌സ് കമ്പനിയും ഒപ്പുവെച്ച 700 കോടി റിയാലിന്റെ വാണിജ്യ, നിക്ഷേപ കരാറുകളുടെ ഭാഗമായാണ് ദമാം തുറമുഖത്തെ ഉപയോഗത്തിന് ഇലക്ട്രിക് ലോറികള്‍ നിര്‍മിച്ചു നല്‍കാനുള്ള കരാറില്‍ സൗദി ഗ്ലോബല്‍ പോര്‍ട്ട്‌സ് കമ്പനിയും ചൈനീസ് കമ്പനിയും കരാര്‍ ഒപ്പുവെച്ചത്.
പുതിയ കരാര്‍ ദമാം തുറമുഖത്തിന്റെ വികസനത്തിനും ആധുനികവല്‍ക്കരണത്തിനും സഹായിക്കുമെന്ന് സൗദി പോര്‍ട്ട്‌സ് അതോറിറ്റി പ്രസിഡന്റ് ഉമര്‍ ഹരീരി പറഞ്ഞു. സൗദി പോര്‍ട്ട്‌സ് അതോറിറ്റിയും സൗദി ഗ്ലോബല്‍ പോര്‍ട്ട്‌സ് കമ്പനിയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ആഴമേറിയതാണ്. ദമാം തുറമുഖത്തെ രണ്ടു കണ്ടെയ്‌നര്‍ ടെര്‍മിനലുകളുടെ ഓപ്പറേറ്റര്‍ എന്ന നിലയില്‍ സൗദി ഗ്ലോബല്‍ പോര്‍ട്ട്‌സ് കമ്പനി മികവിനും ലോജിസ്റ്റിക് കാര്യക്ഷമതക്കും മാതൃകയാണെന്നും ഉമര്‍ ഹരീരി പറഞ്ഞു.
തുറമുഖങ്ങളിലെ പരിസ്ഥിതി സുരക്ഷ കാത്തുസൂക്ഷിക്കാന്‍ ഇലക്ട്രിക് ലോറികള്‍ സഹായിക്കും. അന്തരീക്ഷ മലിനീകരണവും ഹാനികരമായ വാതകങ്ങളുടെ ബഹിര്‍ഗമനവും കുറക്കാനും ഊര്‍ജോപഭോഗത്തില്‍ കാര്യക്ഷമത കൈവരിക്കാനും പ്രവര്‍ത്തന, മെയിന്റനന്‍സ് ചെലവ് കുറക്കാനും ഇവ സഹായിക്കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇലക്ട്രിക് ട്രക്കുകള്‍ കൂടുതല്‍ സുസ്ഥിരമാണ്. വിഷന്‍ 2030 ന്റെ ഭാഗമായ സൗദി ഗ്രീന്‍ ഇനീഷ്യേറ്റീവ്, മിഡില്‍ ഈസ്റ്റ് ഗ്രീന്‍ ഇനീഷ്യേറ്റീവ് എന്നിവയുമായി പൊരുത്തപ്പെട്ടു പോകുന്ന നിലക്ക് കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും അന്തരീക്ഷ മലിനീകരണം കുറക്കാനും ഇലക്ട്രിക് ട്രക്കുകള്‍ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group