ജിദ്ദ – കഴിഞ്ഞ വർഷം നാലാം പാദത്തിൽ നിയമ ലംഘനങ്ങൾ നടത്തിയതിന് 17 റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചതായി സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ആറ് ഓഫീസുകളുടെ പ്രവർത്തനങ്ങൾ ഉടനടി താൽക്കാലികമായി നിർത്തിവെപ്പിച്ചു. നിർദിഷ്ട സമയപരിധിക്കുള്ളിൽ നിയമ ലംഘനങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടതിന് 11 ഓഫീസുകളുടെ ലൈസൻസുകൾ റദ്ദാക്കി.
റിക്രൂട്ട്‌മെന്റ് വ്യവസ്ഥകൾ ലംഘിക്കൽ, തൊഴിലാളി കൈമാറ്റവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ, ഗുണഭോക്താക്കൾക്ക് നൽകാനുള്ള പണം തിരികെ നൽകുന്നതിൽ കാലതാമസം വരുത്തൽ, പരാതികൾ പരിഹരിക്കാതിരിക്കൽ എന്നീ നിയമ ലംഘനങ്ങളാണ് റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുടെ ഭാഗത്ത് കണ്ടെത്തിയത്.
തൊഴിൽ വിപണിയിൽ നിയമപാലനം വർധിപ്പിക്കാനും സേവനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്താനുമുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് നിയമ ലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടികളെടുത്തത്. റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെയും കമ്പനികളുടെയും പ്രകടനം നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും നിയമ ലംഘകർക്കെതിരെ നിയമപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.
റിക്രൂട്ട്‌മെന്റ് സേവനങ്ങൾ വ്യവസ്ഥാപിതമാക്കാനുള്ള അംഗീകൃത ദേശീയ പ്ലാറ്റ്‌ഫോമായ മുസാനിദ് പ്ലാറ്റ്‌ഫോമിലൂടെ വാഗ്ദാനം ചെയ്യുന്ന വിശ്വസനീയമായ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ എല്ലാ ഗുണഭോക്താക്കളോടും മന്ത്രാലയം ആവശ്യപ്പെട്ടു. അംഗീകൃത റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുമായി ഇലക്ട്രോണിക് കരാർ സാധ്യമാക്കുന്ന ഈ പ്ലാറ്റ്‌ഫോം വിലയിരുത്തൽ, റിപ്പോർട്ടിംഗ്, ട്രാക്കിംഗ് എന്നിവക്കുള്ള ഉപകരണങ്ങൾ നൽകുന്നു. റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് 920002866 എന്ന ഏകീകൃത നമ്പർ വഴിയോ സ്മാർട്ട് ഉപകരണങ്ങളിൽ ലഭ്യമായ മുസാനിദ് ആപ്ലിക്കേഷൻ വഴിയോ റിപ്പോർട്ട് ചെയ്യാവുന്നതാണെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.



