ജിദ്ദ – സൗദിയില്‍ 6,966 ഹെക്ടര്‍ സ്ഥലത്ത് മാമ്പഴ കൃഷി ചെയ്യുന്നതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം വെളിപ്പെടുത്തി. രാജ്യത്ത് പ്രതിവര്‍ഷം 89,500 ലേറെ ടണ്‍ മാമ്പഴം ഉല്‍പാദിപ്പിക്കുന്നു. മാമ്പഴ മേഖലയില്‍ സ്വയം പര്യാപ്തത 68 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. സൗദിയിലെ പത്തു പ്രവിശ്യകളില്‍ മാമ്പഴ കൃഷിയുണ്ട്. ഏറ്റവുമധികം മാമ്പഴം ഉല്‍പാദിപ്പിക്കുന്നത് ജിസാന്‍ പ്രവിശ്യയിലാണ്.
ഇവിടെ പ്രതിവര്‍ഷം 60,026 ടണ്‍ മാമ്പഴം ഉല്‍പാദിപ്പിക്കുന്നു. രണ്ടാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയില്‍ 17,915 ഉം മൂന്നാം സ്ഥാനത്തുള്ള മദീന പ്രവിശ്യയില്‍ 4,505 ഉം അസീറില്‍ 2,845 ഉം തബൂക്കില്‍ 2,575 ഉം അല്‍ബാഹയില്‍ 912 ഉം നജ്‌റാനില്‍ 347 ഉം കിഴക്കന്‍ പ്രവിശ്യയില്‍ 198 ഉം റിയാദില്‍ 117 ഉം അല്‍ഖസീമില്‍ 60 ഉം ടണ്‍ മാമ്പഴം ഉല്‍പാദിപ്പിക്കുന്നു. സൗദിയില്‍ ഉയര്‍ന്ന സാമ്പത്തിക ലാഭം ലഭിക്കുന്ന ഉഷ്ണ മേഖലാ വിളകളില്‍ ഒന്നാണ് മാമ്പഴം. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇതിന്റെ ഉല്‍പാദന കാലം. അല്‍ഫോന്‍സോ, നവോമി, വെലന്‍ഷ്യ, ഇന്ത്യന്‍, തായ്‌ലന്റ് അടക്കം ഇരുപത് ഇനം മാമ്പഴങ്ങള്‍ സൗദിയില്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്.
മാമ്പഴത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഇത് വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവയാല്‍ സമ്പന്നമാണ്. ഇത് ദഹനസംവിധാനത്തിന്റെ ആരോഗ്യവും ഹൃദയാരോഗ്യവും വര്‍ധിപ്പിക്കുകയും പ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ചില തരം ക്യാന്‍സറുകളുടെ സാധ്യതയും വിളര്‍ച്ചയും കുറക്കാനും മാമ്പഴം സഹായിക്കും. ചര്‍മത്തിന്റെ ആരോഗ്യത്തിനും കണ്ണിനും മാമ്പഴം ഗുണം ചെയ്യും.