മക്ക – റബീഉല്‍ആഖിര്‍ മാസത്തില്‍ ഇരു ഹറമുകളിലും അഞ്ചര കോടിയോളം സന്ദര്‍ശകര്‍ എത്തിയതായി ഹറംകാര്യ വകുപ്പ്. കഴിഞ്ഞ മാസം വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലുമായി ആകെ 5,45,11,901 സന്ദര്‍ശകരാണ് എത്തിയത്. വിശുദ്ധ ഹറമില്‍ 1,77,43,854 പേര്‍ നമസ്‌കാരങ്ങള്‍ നിര്‍വഹിച്ചു. ഇക്കൂട്ടത്തില്‍ 93,720 പേര്‍ക്ക് വിശുദ്ധ കഅബാലയത്തിന്റെ ഭാഗമായ ഹിജ്ര്‍ ഇസ്മായിലില്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ ഭാഗ്യം ലഭിച്ചു. 1,11,74,153 പേര്‍ ഉംറ കര്‍മം നിര്‍വഹിച്ചു.


റബീഉല്‍ആഖിര്‍ മാസത്തില്‍ മസ്ജിദുന്നബവിയില്‍ 2,13,53,370 പേര്‍ നമസ്‌കാരം നിര്‍വഹിച്ചു. ഇതില്‍ 20,83,861 പേര്‍ക്ക് റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വിക്കാന്‍ അവസരം ലഭിച്ചു. 14,88,943 പേര്‍ പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളില്‍ സിയാറത്ത് നടത്തി അവര്‍ക്ക് സലാം ചൊല്ലിയതായും ഹറംകാര്യ വകുപ്പ് അറിയിച്ചു.


പുണ്യഭവനങ്ങള്‍ സന്ദര്‍ശിക്കുന്ന വിശ്വാസികളുടെയും തീര്‍ഥാടകരുടെയും എണ്ണം നിരീക്ഷിക്കുന്നതിന്, വിശുദ്ധ ഹറമിന്റെയും പ്രവാചക പള്ളിയിയുടെയും പ്രധാന കവാടങ്ങളുടെ പരിസരത്ത് റീഡര്‍ സെന്‍സറുകളെ അടിസ്ഥാനമാക്കിയുള്ള ആധുനിക സാങ്കേതികവിദ്യകള്‍ ഹറംകാര്യ വകുപ്പ് ഉപയോഗിക്കുന്നു. ജനക്കൂട്ടത്തിന്റെ ഒഴുക്ക് നിരീക്ഷിച്ചും ബന്ധപ്പെട്ട വകുപ്പുകളുമായുള്ള പങ്കാളിത്തത്തോടെയും പ്രവര്‍ത്തന കാര്യക്ഷമത വര്‍ധിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.



