യാമ്പു: റോയൽ കമ്മീഷന് കീഴിൽ യാമ്പുവിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സെന്റർ ഏറ്റെടുത്ത് നടത്തുന്നതിന് അബീർ മെഡിക്കൽ ഗ്രൂപ്പും റോയൽ കമ്മീഷനും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. കമ്മീഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ യാമ്പു-ജുബൈൽ റോയൽ കമ്മീഷൻ പ്രസിഡന്റ് എൻജി. ഖാലിദ് ബിൻ മുഹമ്മദ് അൽ സാലിമിന്റെ സാനിധ്യത്തിൽ സി.ഇ.ഒ അബ്ദുൽഹാദി അൽ ജുഹാനിയും, അബീർ മെഡിക്കൽ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് ഡോ. അഹമ്മദ് ആലുങ്ങലും ചേർന്ന് ധാരണാപത്രത്തിൽ ഒപ്പു വെച്ചു.
സ്വകാര്യ മേഖലയിൽ അതിവേഗം വളരുന്ന, സൗദിയിൽ ഉടനീളം സാന്നിധ്യമുള്ള മെഡിക്കൽ സേവന ശൃംഖല എന്ന നിലയിൽ അബീർ ഗ്രൂപ്പുമായി കൈകോർക്കുന്നതിൽ സന്തോഷമുണ്ടെന്ന് കമ്മീഷൻ പ്രസിഡന്റ് എൻജി. ഖാലിദ് ബിൻ മുഹമ്മദ് അൽ സാലിമും റോയൽ കമ്മീഷനുമായുള്ള സഹകരണം ഗ്രൂപ്പിന്റെ വിപുലീകരണ പദ്ധതികളിൽ ഒരു സുപ്രധാന ചുവടുവെപ്പായി കണക്കാക്കുകയാണെന്ന് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് ഡോ. അഹമ്മദ് ആലുങ്ങലും പറഞ്ഞു.
വൈസ് പ്രസിഡന്റ് ഡോ. ജംഷിത് അഹമ്മദ്, ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. അബ്ദുൽ ഇലാഹ് മുബാറക്കി, അസോസിയേറ്റ് വൈസ് പ്രസിഡന്റ് ആദിൽ എൽ കഹലൂത്, പ്രൊജക്ട്സ് ഡയറക്ടർ എൻജി. കലീം, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മാഹിറ ആലുങ്ങൽ, ഗാഥ അൽഗാംദി, മുഹമ്മദ് സുല്ലമി തുടങ്ങിയർ സംബന്ധിച്ചു.