നജ്‌റാന് – ദക്ഷിണ സൗദിയില്‍ നജ്‌റാനിലെ ഹൈറേഞ്ചിലെ മത്സ്യകൃഷിയിടം സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റി വിജയം കൈവരിച്ചിരിക്കുകയാണ് പ്രദേശവാസിയായ മുഹമ്മദ് സ്വാലിഹ് ആലുസുവൈദ്. പ്രതിവര്‍ഷം 40 ടണ്‍ ബല്‍തി മത്സ്യം തന്റെ ഫാമില്‍ ഉല്‍പാദിപ്പിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തില്‍ ഫാര്‍മിസ്റ്റ് ആയി സേവനമനുഷ്ഠിക്കുന്ന മുഹമ്മദ് സ്വാലിഹ് ആലുസുവൈദ് പറയുന്നു. വാദി ഹലാലില്‍ വലിയ തടയണ നിര്‍മിച്ചാണ് മത്സ്യകൃഷിക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കുന്നത്.
നിരവധി പാര്‍ക്കുകള്‍ നേരിട്ട് സന്ദര്‍ശിച്ചാണ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പദ്ധതി നടപ്പാക്കുകയെന്ന ആശയം താന്‍ രൂപപ്പെടുത്തിയത്. തുടക്കത്തില്‍ മത്സ്യകൃഷിയാണ് ആരംഭിച്ചത്. പിന്നീട് കൃഷിയിടം വിനോദസഞ്ചാര പദ്ധതിയുടെ ഭാഗമാക്കി മാറ്റുകയായിരുന്നു. ടൂറിസ്റ്റ് പദ്ധതിയുടെ 40 ശതമാനം മാത്രമാണ് ഇതിനകം പൂര്‍ത്തിയാക്കിയത്. ഇനിയും നിരവധി വികസനങ്ങള്‍ നടപ്പാക്കാനുണ്ട്.
ധാരാളമായി യാത്രകള്‍ നടത്തുന്ന വ്യക്തിയാണ് താന്‍. യാത്രക്കാര്‍ക്ക് എന്തെല്ലാമാണ് ആവശ്യമുള്ളത് എന്ന കാര്യം ഓരോ യാത്രയിലും താന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒറ്റക്കും കുടുംബമായും എത്തുന്ന സന്ദര്‍ശകര്‍ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും ഒരുക്കിയുള്ള ഒരു ടൂറിസ്റ്റ് കേന്ദ്രം യാഥാര്‍ഥ്യമാക്കാനാണ് താന്‍ പദ്ധതിയിട്ടത്. പ്രകൃതിയുടെ മടിത്തട്ടില്‍ വിശ്രമം ആവശ്യമുള്ളവര്‍ക്കും വിട്ടുമാറാത്ത രോഗങ്ങളും ഗുരുതരമായ അസുഖങ്ങളും ബാധിച്ചവരുടെ ആരോഗ്യ വീണ്ടെടുക്കലിനും അനുയോജ്യമായ ഹെല്‍ത്ത് റിസോര്‍ട്ട് ആയി കൃഷിയിടത്തെ മാറ്റാനാണ് പദ്ധതിയിടുന്നത്.
തന്റെ കൃഷിയിടം ഏറെ വിശാലമാണ്. തുടക്കത്തില്‍ തനിക്ക് പരിചയസമ്പത്തുണ്ടായിരുന്നില്ല. എന്‍ജിനീയര്‍മാരുമായും വിദഗ്ധരുമായും ആയയവിനിമയം നടത്തിയാണ് മത്സ്യകൃഷിയില്‍ വിജയിച്ചത്. ഇതിലൂടെ മികച്ചയിനങ്ങളില്‍ പെട്ട മത്സ്യം വന്‍തോതില്‍ ഉല്‍പാദിപ്പിക്കാന്‍ സാധിച്ചു. ഏഴു വര്‍ഷം മുമ്പ് ഒരു സാദാ കൃഷിടമായിരുന്നു തന്റെ ഫാം. തുടക്കത്തില്‍ ചെറിയ കുളം നിര്‍മിച്ച് വളരെ കുറച്ച് ബല്‍തി മത്സ്യങ്ങളെ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്യുകയായിരുന്നു. ഇത് വന്‍ വിജയമാണെന്ന് തെളിഞ്ഞത് കുളങ്ങളുടെ എണ്ണം ഉയര്‍ത്താന്‍ പ്രേരകമായി.
ശൈത്യകാലത്ത് മത്സ്യകൃഷിക്ക് വലിയ വെല്ലുവിളികള്‍ നേരിട്ടു. വെള്ളത്തിന്റെ ചൂട് നിലനിര്‍ത്തി ഇതിന് പരിഹാരം കാണാന്‍ നടത്തിയ പരീക്ഷണങ്ങളൊന്നും വിജയിച്ചില്ല. മത്സ്യഉല്‍പാദനം തുലോം കുറവായിരുന്നു. ഇതോടെ കൃഷിയിടത്തില്‍ മലയുടെ മധ്യഭാഗത്ത് വലിയ കുളം നിര്‍മിച്ച് മത്സ്യകൃഷി പരീക്ഷിച്ചു. ഇത് വലിയ വിജയമായിരുന്നു. മത്സ്യത്തിന് ആവശ്യം വര്‍ധിച്ചതോടെ മത്സ്യകൃഷി പദ്ധതി വികസിപ്പിക്കാന്‍ തീരുമാനിച്ചു. പര്‍വതങ്ങള്‍ക്കിടയില്‍ ചൂടുള്ള പ്രദേശത്ത് ഏതാനും കുളങ്ങള്‍ നിര്‍മിച്ച് കൃഷി വിപുലീകരിച്ചു. എല്ലാം ചെറിയ കുളങ്ങളായിരുന്നു. ഓരോ കുളത്തിലും ഓക്‌സിജന്‍ ജലധാരയും ഏര്‍പ്പെടുത്തി. ഈ കുളങ്ങള്‍ നല്ല ഉല്‍പാദനം നല്‍കി. ഇതിനു ശേഷമാണ് മത്സ്യകൃഷിയിടം ടൂറിസ്റ്റ് കേന്ദ്രമായി മാറിയത്. ജിസാന്‍ പ്രവിശ്യയില്‍ നിന്നും പ്രവിശ്യക്ക് പുറത്തു നിന്നുമുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ കഴിയുന്ന നിലക്ക് കൃഷിയിടം വികസിപ്പിക്കുകയെന്ന ആശയം ഇതോടെ ഉരുത്തിരിഞ്ഞു.
250 കാപ്പി ചെടികളും മറ്റു മരങ്ങളും ഫാമില്‍ നട്ടുപിടിപ്പിക്കുകയും മനോഹര കാഴ്ചകള്‍ സജ്ജീകരിക്കുകയും വന്യജീവി സങ്കേതം ഒരുക്കുകയും ചെയ്തു. ഇപ്പോള്‍ സൗദിയില്‍ നിന്നു മാത്രമല്ല, ചില ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരും ഫാമിലെത്തുന്നുണ്ട്. പാര്‍പ്പിട സൗകര്യം, ഇരിപ്പിടങ്ങള്‍, ഭക്ഷണപാനീയങ്ങള്‍, കുട്ടികള്‍ക്കുള്ള കളിയുപകരണങ്ങള്‍ എന്നിവയെല്ലാം സന്ദര്‍ശകര്‍ക്ക് പാര്‍ക്ക് നല്‍കുന്നു.
നജ്‌റാന് തെക്കുപടിഞ്ഞാറ് ബീര്‍ അസ്‌കര്‍ റോഡില്‍ നജ്‌റാനില്‍ നിന്ന് 60 കിലോമീറ്റര്‍ ദൂരെയാണ് തന്റെ ഫാമുള്ളത്. നജ്‌റാനില്‍ ഏറ്റവും കൂടിയ തണുപ്പും ഏറ്റവും മികച്ച കാലാവസ്ഥയും ഈ പ്രദേശത്താണ്. ഇതാണ് തന്റെ പരീക്ഷണം വിജയിക്കാന്‍ സഹായിച്ചത്. കാര്‍ഷിക വികസന നിധിയില്‍ നിന്ന് രണ്ടര ലക്ഷം റിയാലിന്റെ ധനസഹായം തനിക്ക് ലഭിച്ചിട്ടുണ്ട്. നജ്‌റാന്‍ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ശാഖ ഫാമില്‍ സന്ദര്‍ശനം നടത്തി ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും മുഹമ്മദ് സ്വാലിഹ് ആലുസുവൈദ് പറഞ്ഞു.