ജിദ്ദ – സൗദിയില്‍ പുതിയ ഇനം വിഷരഹിത സര്‍പ്പങ്ങളെ കണ്ടെത്തിയതായി ഹായില്‍ യൂനിവേഴ്‌സിറ്റി പരിസ്ഥിതി, വിഷജീവി ശാസ്ത്ര വിഭാഗം പ്രൊഫസര്‍ ഡോ. അഹ്മദ് അല്‍ശമ്മരി അറിയിച്ചു. ലോകത്തു തന്നെ ആദ്യമായാണ് ഈയിനത്തില്‍ പെട്ട പാമ്പുകളെ കണ്ടെത്തുന്നത്. 2017 ല്‍ ഹായിലിലാണ് ഈയിനത്തില്‍ പെട്ട പാമ്പുകളെ ആദ്യമായി കണ്ടെത്തിയത്. ഗവേഷണം തുടര്‍ന്നതിലൂടെ മദീനയിലും തബൂക്കിലും ഈയിനത്തില്‍ പാമ്പുകളുള്ളതായി പിന്നീട് സ്ഥിരീകരിച്ചു. ഇവ അപകടകാരികളല്ല.
ലോകത്ത് ആദ്യമായാണ് ഇത്തരത്തില്‍ പെട്ട പാമ്പുകളെ കണ്ടെത്തുന്നത് എന്ന് ഉറപ്പാക്കാന്‍ വളരെയധികം നടപടികള്‍ കൈക്കൊള്ളേണ്ടിയിരുന്നു. അതിനാല്‍ ചെക്ക് റിപ്പബ്ലിക്കിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയവുമായും ഈജിപ്ത്, യെമന്‍, പോര്‍ച്ചുഗല്‍, സൗദി അറേബ്യ, അല്‍ഉല, നിയോം റോയല്‍ കമ്മീഷനുകള്‍ എന്നിവിടങ്ങളിലെ വിദഗ്ധരായ ശാസ്ത്രജ്ഞരുമായും സഹകരിച്ചു.
ലോകത്ത് തബൂക്ക്, മദീന, ഹായില്‍ എന്നിവിടങ്ങളില്‍ മാത്രമാണ് ഈയിനം പാമ്പുകളുള്ളത് എന്നത് സ്ഥിരീകരിക്കാന്‍ നാലു വര്‍ഷമെടുത്തു. പതിനഞ്ചു ശാസ്ത്രജ്ഞര്‍ക്കിടയില്‍ അഭിപ്രായ സര്‍വേ നടത്തിയാണ് പാമ്പിന്റെ പേര് തെരഞ്ഞെടുത്തത്. ഈ പാമ്പിന്റെ സാമ്പിള്‍ ഫ്രഞ്ച് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ലോകത്ത് കണ്ടെത്തുന്ന പുതിയ ഇനം പാമ്പ് ആണ് ഇതെന്ന് സ്ഥിരീകരിക്കുന്ന ശാസ്ത്ര പ്രബന്ധം ഒരു മാസം മുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഡോ. അഹ്മദ് അല്‍ശമ്മരി പറഞ്ഞു.