റിയാദ് – സൗദി അറേബ്യയും ലെബനോനും തമ്മിലുള്ള ബന്ധങ്ങളില്‍ പുതിയ തുടക്കം. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ലെബനീസ് പ്രസിഡന്റ് ജോസഫ് ഔനും റിയാദ് അല്‍യെമാമ കൊട്ടാരത്തില്‍ വെച്ച് ഔദ്യോഗിക കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്തി. സൗദി അറേബ്യയും ലെബനോനും തമ്മിലുള്ള ബന്ധങ്ങളും ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചും ലെബനോനിലെയും മേഖലയിലെയും പുതിയ സംഭവവികാസങ്ങളും ഇക്കാര്യങ്ങളില്‍ നടത്തുന്ന ശ്രമങ്ങളും ഇരുവരും വിശകലനം ചെയ്തു. കഴിഞ്ഞ ജനുവരിയില്‍ ലെബനീസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ജോസഫ് ഔന്‍ നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനമാണിത്. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ക്ഷണം സ്വീകരിച്ചാണ് ലെബനീസ് പ്രസിഡന്റ് സൗദി അറേബ്യ സന്ദര്‍ശിക്കുന്നത്.
ലെബനോനില്‍ സുരക്ഷയും രാഷ്ട്രീയ സ്ഥിരതയുമുണ്ടാക്കാനും സാമ്പത്തിക മേഖലക്ക് പിന്തുണ നല്‍കാനും സൗദി അറേബ്യ നടത്തിയ ശ്രമങ്ങളോടും ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാടുകളോടുമുള്ള വിലമതിപ്പ് പ്രകടിപ്പിക്കാനുള്ള അവസരമാണ് തന്റെ സൗദി സന്ദര്‍ശനമെന്ന് ജോസഫ് ഔന്‍ പറഞ്ഞു. ദീര്‍ഘ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലി തേടി സൗദിയിലെത്തിയ ലെബനോനികളെ സ്വീകരിച്ചതിന് സൗദി അറേബ്യക്ക് ലെബനീസ് പ്രസിഡന്റ് നന്ദി പറഞ്ഞു. ഈ സന്ദര്‍ശനം ലെബനോന്‍-സൗദി ബന്ധങ്ങളുടെ ആഴം സ്ഥിരീകരിക്കാനുള്ള അവസരമാണ്. സൗദി കിരീടാവകാശിയുമായുള്ള ചര്‍ച്ചകള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്ന കരാറുകളില്‍ ഒപ്പുവെക്കാന്‍ വഴിയൊരുക്കുമെന്നും റിയാദിലെത്തിയ ഉടനെ ലെബനീസ് പ്രസിഡന്റ് ട്വീറ്റ് ചെയ്തു.
സൗദി, ലെബനോന്‍ ബന്ധങ്ങളില്‍ പുതിയൊരു തുടക്കത്തിന് വഴിയൊരുക്കുന്ന ചുവടുവെപ്പായി പ്രസിഡന്റിന്റെ സന്ദര്‍ശനത്തെ നിരീക്ഷകര്‍ വിലയിരുത്തി. ലെബനോന്റെ സുരക്ഷക്കും സ്ഥിരതക്കും പിന്തുണ നല്‍കുന്നതിലും രാഷ്ട്രീയമായും സാമ്പത്തികമായും സാമൂഹികമായും പിന്തുണക്കുന്നതിലും സൗദി അറേബ്യ വഹിച്ച ചരിത്രപരമായ പങ്ക് നിസ്തുലമായിരുന്നു. പതിനഞ്ചു വര്‍ഷം നീണ്ട ലെബനോന്‍ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതില്‍ സൗദി അറേബ്യ ഫലപ്രദമായ പങ്ക് വഹിച്ചു. ലെബനീസ് ജനതയുടെ ക്ഷേമം മുന്‍നിര്‍ത്തി കാലാകാലങ്ങളില്‍ സൗദി അറേബ്യ ഉറച്ച നിലപാടുകള്‍ സ്വീകരിച്ചു. ലെബനോന് ആവശ്യമായ മാനുഷിക, ദുരിതാശ്വാസ സഹായങ്ങള്‍ നല്‍കാനും സൗദി അറേബ്യ മുന്‍പന്തിയിലുണ്ടായിരുന്നു.
മിഡില്‍ ഈസ്റ്റില്‍ പൊതുവെയും, പ്രത്യേകിച്ച് ലെബനോനില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ക്കിടെയാണ് ലെബനീസ് പ്രസിഡന്റിന്റെ സൗദി സന്ദര്‍ശനം. മേഖലയുടെ സുരക്ഷയും അഭിവൃദ്ധിയും വര്‍ധിപ്പിക്കാനും സ്ഥിരതക്കും അഭിവൃദ്ധിക്കും വേണ്ടിയുള്ള ലെബനീസ് ജനതയുടെ പ്രതീക്ഷകളും അഭിലാഷങ്ങളും സാക്ഷാല്‍ക്കരിക്കാനും ഇരു രാജ്യങ്ങളും തമ്മില്‍ കൂടിയാലോചനയും ഏകോപനവും ആവശ്യമാണ്. പരമാധികാരം രാജ്യമെങ്ങും വിപുലീകരിക്കാനും പൂര്‍ണ അധികാരങ്ങള്‍ വിനിയോഗിക്കാനും ലെബനീസ്ന്‍ ഭരണകൂടത്തെ പ്രാപ്തമാക്കാനുള്ള പ്രസിഡന്റ് ഔനിന്റെ ശ്രമങ്ങള്‍ മേഖലയെ കുറിച്ച സൗദി അറേബ്യയുടെ കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്നതായി നിരീക്ഷകര്‍ പറഞ്ഞു.
ലെബനോനും ലെബനീസ് ജനതക്കുമുള്ള പിന്തുണ സൗദി അറേബ്യ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായിലി സേനയെ ലെബനീസ് പ്രദേശങ്ങളില്‍ നിന്ന് പൂര്‍ണമായി പിന്‍വലിക്കല്‍, യു.എന്‍ രക്ഷാ സമിതി 1701 -ാം നമ്പര്‍ പ്രമേയവും ബന്ധപ്പെട്ട അന്താരാഷ്ട്ര പ്രമേയങ്ങളും നടപ്പാക്കല്‍ എന്നിവയുള്‍പ്പെടെയുള്ള വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയും സൗദി അറേബ്യ വ്യക്തമാക്കിയിട്ടുണ്ട്.