അറാര്‍ – ഉംറ കര്‍മം നിര്‍വഹിക്കാന്‍ ജോര്‍ദാനില്‍ നിന്ന് ഒട്ടകപ്പുറത്ത് പുറപ്പെട്ട നാലംഗ സംഘം ദിവസങ്ങളോളം സഞ്ചരിച്ച് സൗദിയില്‍ പ്രവേശിച്ചു. പൂര്‍വികര്‍ ചെയ്തതുപോലെ പുണ്യഭൂമിയിലേക്കുള്ള യാത്രക്ക് ഒട്ടകങ്ങളെ ആശ്രയിച്ച് പുരാതന പാരമ്പര്യം പുനരുജ്ജീവിപ്പിക്കാനും പഴയ അനുഭവം പുനഃസൃഷ്ടിക്കാനുമുള്ള ആഗ്രഹത്തില്‍ നിന്നാണ് ഈ ആശയം ഉടലെടുത്തതെന്ന് യാത്രാ സംഘത്തില്‍ പെട്ട ഹംസ അല്‍ഹുവൈതാത്ത് പറഞ്ഞു. യാത്രയില്‍ നിരവധി ബുദ്ധിമുട്ടുകള്‍ നേരിട്ടു. ശൈഖ് മുഹമ്മദ് സാലിം അല്‍ദുയൂഫി (അബൂയസീദ്) അടക്കം നിരവധി പേര്‍ യാത്രയിലെ പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ വ്യത്യസ്ത സഹായങ്ങള്‍ നല്‍കാന്‍ മുന്നോട്ടുവന്നതായും ഹംസ അല്‍ഹുവൈതാത്ത് പറഞ്ഞു.
ദിവസവും 50 കിലോമീറ്റര്‍ താണ്ടുക എന്ന പദ്ധതിയാണ് തങ്ങള്‍ പിന്തുടരുന്നതെന്നും മദീനയിലെത്താന്‍ ഏകദേശം 27 മുതല്‍ 28 ദിവസം വരെ എടുക്കുമെന്നും അബ്ദുല്ല അല്‍ഹുവൈതാത്ത് പറഞ്ഞു. ഇത് വെറുമൊരു യാത്രയല്ല. ജോര്‍ദാനും സൗദി അറേബ്യക്കും ഇടയിലുള്ള ആഴത്തിലുള്ള ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധങ്ങളെ ഇത് പ്രതിഫലിപ്പിക്കുന്നതായും അബ്ദുല്ല അല്‍ഹുവൈതാത്ത് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ ഞങ്ങള്‍ കഷ്ടപ്പാടുകളും ക്ഷമയും സഹിച്ചു. ഞങ്ങള്‍ വരണ്ട മരുഭൂമിയിലാണ് ഉറങ്ങിയിരുന്നത്. ഇപ്പോള്‍ ഞങ്ങള്‍ സൗദിയില്‍ പ്രവേശിച്ച് മദീന ലക്ഷ്യമാക്കി യാത്ര തുടരുകയാണ്. മദീന സിയാറത്ത് പൂര്‍ത്തിയാക്കിയ ശേഷം ഉംറ കര്‍മം നിര്‍വഹിക്കാന്‍ മക്കയിലേക്ക് പോകുമെന്നും സംഘത്തില്‍ പെട്ട മാഹിര്‍ അല്‍മനാജിഅ പറഞ്ഞു.
https://twitter.com/i/status/1987149347084026299



