റിയാദ് – പരിസ്ഥിതി നിയമം ലംഘിച്ച് വന്യമൃഗങ്ങളെ കൈവശം വെക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്ത നാലംഗ സംഘത്തെ നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ്ലൈഫുമായി ഏകോപനം നടത്തി പരിസ്ഥിതി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. സൗദി പൗരനും നിയമാനുസൃത ഇഖാമകളില്‍ രാജ്യത്ത് കഴിയുന്ന സിറിയക്കാരനും ഇറാഖിയും ബംഗ്ലാദേശുകാരനുമാണ് അറസ്റ്റിലായത്. വംശനാശ ഭീഷണി നേരിടുന്നവ അടക്കം 179 വന്യജീവികളെ സംഘത്തിന്റെ കേന്ദ്രത്തില്‍ കണ്ടെത്തി.
പ്രതികള്‍ക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. വന്യമൃഗങ്ങളെ പിന്നീട് നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ്ലൈഫിന് കൈമാറി. വംശനാശ ഭീഷണി നേരിടുന്ന വന്യമൃഗങ്ങളെ പ്രദര്‍ശിപ്പിക്കുന്നതിന് രാജ്യത്തെ നിയമമനുസരിച്ച് പത്തു വര്‍ഷം വരെ തടവും മൂന്നു കോടി റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. പരിസ്ഥിതിക്കും വന്യജീവികള്‍ക്കുമെതിരായ കൈയേറ്റങ്ങളെ കുറിച്ച് മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999, 996 എന്നീ നമ്പറുകളിലും ബന്ധപ്പെട്ട് എല്ലാവരും റിപ്പോര്‍ട്ട് ചെയ്യണമെന്ന് പരിസ്ഥിതി സുരക്ഷാ സേന ആവശ്യപ്പെട്ടു.