റിയാദ്- ജോലിയില്ലാതെ തൊഴിലാളികളെ വിദേശരാജ്യങ്ങളില്‍ നിന്ന് റിക്രൂട്ട് ചെയ്യുന്ന സ്‌പോണ്‍സര്‍മാര്‍ക്കെതിരെ കര്‍ശന നടപടിക്ക് നീക്കവുമായി സൗദി മാനവ വിഭവ ശേഷി മന്ത്രാലയം. സ്‌പോണ്‍സറുടെ അടുത്ത് ജോലിയില്ലാതെ ഗാര്‍ഹിക, പ്രൊഫഷണല്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് കൊണ്ടുവരുന്ന നടപടി പത്ത് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കുന്ന കുറ്റമാക്കാനാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഇസ്തിത്‌ലാ പ്ലാറ്റ്‌ഫോം വഴി പൊതുജനാഭിപ്രായം തേടുകയാണിപ്പോള്‍ മന്ത്രാലയം.
തന്റെയടുത്ത് ജോലിയില്ലെങ്കില്‍ ആര്‍ക്കും ഒരു തൊഴിലാളിയെയും റിക്രൂട്ട് ചെയ്തുകൊണ്ടുവരാനാകില്ല. അങ്ങനെ ചെയ്താല്‍ അത് കുറ്റകരമാണ്. രണ്ട് ലക്ഷം മുതല്‍ പത്ത് ലക്ഷം വരെ റിയാല്‍ പിഴ നല്‍കേണ്ടിവരും. വിദേശികളായ തൊഴിലുടമകളാണ് അത് ചെയ്തതെങ്കില്‍ നാടുകടത്തും. മന്ത്രാലയം വ്യക്തമാക്കി. ലൈസന്‍സില്ലാതെ തൊഴില്‍സേവനങ്ങള്‍ നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷം റിയാല്‍ വരെയാണ് പിഴ. വിദേശികളെ നാടുകടത്തും. ഇത്തരം നിയമലംഘകരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി കോടതിയില്‍ ഹാജറാക്കും. സൗദി പൗരന്മാരും പ്രവാസികളും തൊഴില്‍ സേവനങ്ങള്‍ക്ക് ഇടനിലക്കാരായി നില്‍കുന്ന പ്രവണത കുറ്റകരമാക്കുകയാണ് ലക്ഷ്യമെന്നും ഇത് തൊഴില്‍ നിമയങ്ങളില്‍ ചേര്‍ക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group