ജിദ്ദ – സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് രാജ്യത്തിനകത്ത് 80,000 കോടി ഡോളറിന്റെ നിക്ഷേപങ്ങള്‍ നടത്തിയതായി ബ്രസീലിലെ റിയോ ഡി ജനീറോയില്‍ സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുത്ത് പി.ഐ.എഫ് ഗവര്‍ണര്‍ യാസിര്‍ അല്‍റുമയ്യാന്‍ വെളിപ്പെടുത്തി. ഫണ്ട് നിക്ഷേപങ്ങളില്‍ 80 ശതമാനവും സൗദി അറേബ്യക്കകത്താണ്. അനുയോജ്യമായ വരുമാനം കൈവരിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പ്രാദേശിക ഉള്ളടക്കം വര്‍ധിപ്പിക്കാനുമാണ് പ്രാദേശിക വിപണിയില്‍ ഇത്രയും വലിയ അനുപാതത്തില്‍ നിക്ഷേപങ്ങള്‍ നടത്തിയിരിക്കുന്നത്. പി.ഐ.എഫ് ഒരു ട്രില്യണ്‍ ഡോളറിന്റെ ആസ്തികള്‍ കൈകാര്യം ചെയ്യുന്നുണ്ട്. 2030 ഓടെ ഇത് രണ്ടു മുതല്‍ മൂന്നു വരെ ട്രില്യണ്‍ ഡോളറായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. പി.ഐ.എഫിന്റെ ഭൂരിഭാഗം നിക്ഷേപങ്ങളും സൗദിയില്‍ ഹരിത പദ്ധതി മേഖലയിലാണ്. ആഗോള തലത്തില്‍ പി.ഐ.എഫ് 20,000 കോടി ഡോളറിന്റെ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്.
സൗദി ജനസംഖ്യയില്‍ 70 ശതമാനം പേരും 35 വയസിന് താഴെയുള്ളവരായതിനാല്‍ വിനോദ, കായിക മേഖലകളില്‍ ഫണ്ടിന് താല്‍പര്യമുണ്ട്. ഭക്ഷ്യസുരക്ഷാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൗദി അഗ്രിക്കള്‍ച്ചറല്‍ ആന്റ് ലൈവ്‌സ്റ്റോക്ക് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി (സാലിക്) വഴി 2016 ല്‍ ബ്രസീലില്‍ പി.ഐ.എഫ് നിക്ഷേപങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സാങ്കേതികവിദ്യ, പുനരുപയോഗ ഊര്‍ജം, ഖനനം എന്നീ മേഖലകളില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. ഫുട്‌ബോളില്‍ നിക്ഷേപങ്ങള്‍ നടത്താനും ആഗ്രഹിക്കുന്നു. ഇത്തരം നിക്ഷേപങ്ങളെ കുറിച്ച് വിശകലനം ചെയ്യാനുള്ള ഏറ്റവും നല്ല സ്ഥലമാണ് ബ്രസീല്‍ എന്നും യാസിര്‍ അല്‍റുമയ്യാന്‍ പറഞ്ഞു.
ഗ്രീന്‍ ഹൈഡ്രജന്‍, പശ്ചാത്തല സൗകര്യം, പുനരുപയോഗ ഊര്‍ജം പോലുള്ള മേഖലകളില്‍ ബ്രസീലില്‍ 1,500 കോടി ഡോളറിന്റെ നിക്ഷേപങ്ങള്‍ നടത്താന്‍ സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ആലോചിക്കുന്നതായി ബ്രസീല്‍ ഊര്‍ജ മന്ത്രി അലക്‌സാണ്ടര്‍ സില്‍വീറ പറഞ്ഞു. ബ്രസീല്‍ ഗവണ്‍മെന്റ് അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചകളില്‍ ബ്രസീലില്‍ നിക്ഷേപങ്ങള്‍ നടത്താനുള്ള പദ്ധതികള്‍ പി.ഐ.എഫ് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് എപ്പോഴാണ് ബ്രസീലില്‍ നിക്ഷേപങ്ങള്‍ നടത്തുക എന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ബ്രസീല്‍ ഊര്‍ജ മന്ത്രി നല്‍കിയില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group