ജിദ്ദ – ടൂറിസം മേഖലയില്‍ സൗദി അറേബ്യ 80,000 കോടി ഡോളറിന്റെ പദ്ധതികള്‍ നടപ്പാക്കുന്നതായി ടൂറിസം മന്ത്രി അഹ്മദ് അല്‍ഖതീബ് വെളിപ്പെടുത്തി. ഒമാന്‍ തലസ്ഥാനമായ മസ്‌കത്തില്‍ യു.എന്‍ ടൂറിസം ഓര്‍ഗനൈസേഷന്‍ മിഡില്‍ ഈസ്റ്റ് റീജ്യനല്‍ കമ്മിറ്റിയുടെ 50-ാമത് യോഗത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ടൂറിസം നിക്ഷേപ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ലോകത്തെ ഒരു രാജ്യത്ത് ടൂറിസം മേഖലാ പദ്ധതികള്‍ക്ക് ചെലവഴിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ രണ്ടര ലക്ഷത്തിലേറെ ഹോട്ടല്‍ മുറികള്‍ അധികമായി ലഭ്യമാക്കാന്‍ സൗദി അറേബ്യ ലക്ഷ്യമിടുന്നു. ഇത് ഗള്‍ഫ് മേഖലയിലാകെ ടൂറിസം വിപണിക്ക് ഗുണം ചെയ്യും. ലോകത്തെ ടൂറിസം ഭൂപടം സൗദി അറേബ്യ മാറ്റിമറിക്കും. നിക്ഷേപകര്‍ക്ക് ഞങ്ങള്‍ നല്‍കുന്ന അവസരങ്ങളും സൗകര്യങ്ങളും ടൂറിസം മേഖലയെ കൂടുതല്‍ ആകര്‍ഷകമാക്കും. ടൂറിസം മേഖല കെട്ടിപ്പടുക്കുന്നതില്‍ ഞങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ടുപോവുകയാണ്.
വിഷന്‍ 2030 പദ്ധതിയുടെ ഒരു ഭാഗമെന്നോണം സൗദി അറേബ്യ ടൂറിസം മേഖല വികസിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വികസന ശ്രമങ്ങള്‍ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ ടൂറിസം മേഖലയുടെ സംഭാവന കഴിഞ്ഞ വര്‍ഷാവസാനത്തോടെ മൂന്നു ശതമാനത്തില്‍ നിന്ന് നാലര ശതമാനമായി ഉയര്‍ത്താന്‍ സഹായിച്ചു. 2030 ഓടെ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ ടൂറിസം മേഖലയുടെ സംഭാവന പത്തു ശതമാനമായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.
ഗള്‍ഫ്, മിഡില്‍ ഈസ്റ്റ് മേഖലയില്‍ ടൂറിസം വികസനത്തിന് സ്വദേശി ജീവനക്കാരെ റിക്രൂട്ട് ചെയ്യലും പരിശീലനങ്ങളിലൂടെ അവരെ പ്രാപ്തരാക്കലും പ്രധാനമാണ്. ടൂറിസം മേഖലയില്‍ സൗദി ജീവനക്കാരുടെ ശേഷികള്‍ പരിപോഷിപ്പിക്കാന്‍ ടൂറിസം മന്ത്രാലയം വലിയ ശ്രദ്ധ നല്‍കുന്നു. വിനോദസഞ്ചാര വ്യവസായ മേഖലയില്‍ ജോലി ചെയ്യാന്‍ സൗദി യുവതീയുവാക്കളെ ആകര്‍ഷിക്കാന്‍ മന്ത്രാലയം പ്രവര്‍ത്തിക്കുന്നതായും അഹ്മദ് അല്‍ഖതീബ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group