ജിദ്ദ – സൗദിയില്‍ ടൂറിസം മേഖലാ ജീവനക്കാരിൽ വർധനവ്. നിലവിൽ ജീവനക്കാരുടെ എണ്ണം 9,97,357 ആയി ഉയര്‍ന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. ഇവരിൽ 75.2 ശതമാനം പേര്‍ വിദേശികളും 24.8 ശതമാനം സ്വദേശികളുമാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ കൊല്ലം ടൂറിസം മേഖലയിലെ ജീവനക്കാരുടെ എണ്ണം നാലു ശതമാനമാണ് വര്‍ധിച്ചത്. 2024 രണ്ടാം പാദത്തില്‍ ടൂറിസം മേഖലാ ജീവനക്കാരുടെ എണ്ണം 9,59,100 ആയിരുന്നു. ടൂറിസം മേഖലാ ജീവനക്കാരില്‍ 86.8 ശതമാനം പുരുഷന്മാരും (8,65,626 പേർ) 13.2 ശതമാനം വനിതകളുമാണ് (1,31,731 പേർ).
രണ്ടാം പാദത്തില്‍ ശരാശരി ഹോട്ടല്‍ താമസ (ഒക്യുപെന്‍സി) നിരക്ക് 53.2 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് 2.2 ശതമാനത്തിന്റെ കുറവാണിത്. കഴിഞ്ഞ വർഷം 55.4 ശതമാനമായിരുന്നു. ഫര്‍ണിഷ്ഡ് അപ്പാര്‍ട്ടുമെന്റുകളിലും മറ്റ് ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളിലും ശരാശരി ഒക്യുപെന്‍സി നിരക്ക് 50.2 ശതമാനമായും കുറഞ്ഞു. 2024 ഇത് 52.4 ശതമാനമായിരുന്നു. കഴിഞ്ഞ കൊല്ലം രണ്ടാം പാദത്തിൽ ലൈസന്‍സുള്ള ടൂറിസം ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളുടെ എണ്ണത്തിലും വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം 3,300 ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളാണുണ്ടായിരുന്നത്. അത് 5,326 ആയി ഉയർന്നിട്ടുണ്ട്. ഇവയിൽ 47.4 ശതമാനം (2,500 സ്ഥാപനങ്ങൾ) ഫര്‍ണിഷ്ഡ് അപ്പാര്‍ട്ടുമെന്റുകളും മറ്റ് ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളുമാണ്.
ഹോട്ടലുകളിലെ ശരാശരി പ്രതിദിന മുറി വാടക ഏകദേശം 669 റിയാലിൽ നിന്ന് 643 റിയാലായി കുറഞ്ഞു. എന്നാൽ ഫര്‍ണിഷ്ഡ് അപ്പാര്‍ട്ടുമെന്റുകളിലും മറ്റ് ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളിലും ശരാശരി മുറി വാടക 199 റിയാലിൽ നിന്ന് 201 റിയാലായി ഉയര്‍ന്നു.
രണ്ടാം പാദത്തില്‍ ഹോട്ടല്‍ അതിഥികളുടെ ശരാശരി താമസ ദൈര്‍ഘ്യം 4.8 രാത്രികളായി കുറഞ്ഞു. 2024ൽ 5.2 രാത്രികളായിരുന്നു. ഫര്‍ണിഷ്ഡ് അപ്പാര്‍ട്ടുമെന്റുകളിലും മറ്റ് ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളിലും അതിഥികളുടെ ശരാശരി താമസ ദൈര്‍ഘ്യം രണ്ട് രാത്രികളായി കുറഞ്ഞു. കഴിഞ്ഞ കൊല്ലം രണ്ടാം പാദത്തില്‍ ഇത് 2.1 രാത്രികളായിരുന്നു.



