ജിദ്ദ – സൗദിയില്‍ ഗതാഗത മേഖലയില്‍ 74,000 സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കിയതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധി. 2020 നും 2025 ന്റെ ആദ്യ പകുതിക്കും ഇടയില്‍ ഗതാഗത, ലോജിസ്റ്റിക്‌സ് മേഖലയില്‍ വിവിധ പിന്തുണാ പദ്ധതികളിലൂടെയാണ് തൊഴിൽ നൽകിയത്.
ഗതാഗത, ലോജിസ്റ്റിക്‌സ് മേഖലയിലെ സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 12 പ്രത്യേക പരിശീലന കരാറുകളില്‍ ഒപ്പുവെച്ചു. രണ്ടായിരം സൗദികള്‍ക്ക് പരിശീലനം നല്‍കാന്‍ ലക്ഷ്യമിട്ട് ഫണ്ടില്‍ നിന്ന് 50 കോടി റിയാലിലേറെ ചെലവഴിച്ചു. മാനവശേഷി വികസന നിധി സാമ്പത്തിക സഹായത്തോടെ ഈ മേഖലയില്‍ തൊഴില്‍ ലഭ്യമാക്കിയ സ്വദേശികളുടെ തൊഴില്‍ സുസ്ഥിരതാ നിരക്ക് 78 ശതമാനമായി ഉയര്‍ന്നു. ഏതാനും പ്രത്യേക പ്രൊഫഷണല്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകള്‍ നടപ്പാക്കാന്‍ ധനസഹായം നല്‍കി. തൊഴില്‍ പിന്തുണ പ്രോഗ്രാമിന്റെ ഭാഗമായി ഏതാനും തൊഴിലുകളില്‍ പുതുതായി നിയമിക്കുന്ന സ്വദേശി ജീവനക്കാരുടെ വേതന വിഹിതം വഹിക്കുന്ന പദ്ധതി പ്രകാരം അനുവദിക്കുന്ന പ്രത്യേക അലവന്‍സ് ശമ്പളത്തിന്റെ 50 ശതമാനമായി, പരമാവധി 3,000 റിയാലായി വര്‍ധിപ്പിച്ചു. ഈ മേഖയില്‍ ഓണ്‍-ദി-ജോബ് പരിശീലന പരിപാടികളുടെ പ്രയോജനം 4,000 ലേറെ സ്വദേശികള്‍ക്ക് ലഭിച്ചു.



