- ഇന്ത്യയില്‍ നിന്ന് 19,200 ബൈക്കുകള്‍ ഇറക്കുമതി ചെയ്തു
ജിദ്ദ – കഴിഞ്ഞ വര്‍ഷം സൗദിയിലേക്ക് 61,200 ബൈക്കുകള്‍ ഇറക്കുമതി ചെയ്തതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു. 2022 നെ അപേക്ഷിച്ച് 2023 ല്‍ ബൈക്ക് ഇറക്കുമതിയില്‍ 95.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ കൊല്ലം 25.8 കോടി റിയാല്‍ വില വരുന്ന ബൈക്കുകളാണ് ഇറക്കുമതി ചെയ്തത്. 2022 ല്‍ 18.9 കോടി റിയാലിന്റെ ബൈക്കുകള്‍ ഇറക്കുമതി ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഇറക്കുമതി ചെയ്ത ബൈക്കുകളില്‍ ഏറ്റവും വില കൂടിയ ബൈക്ക് ഫ്രാന്‍സില്‍ നിന്ന് 3,91,000 റിയാലിന് ഇറക്കുമതി ചെയ്ത ബൈക്ക് ആയിരുന്നു.
കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ ബൈക്കുകള്‍ ഈ കൊല്ലം ഇറക്കുമതി ചെയ്യുമെന്നാണ് കരുതുന്നത്. ഈ വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മാത്രം 13,800 ബൈക്കുകള്‍ ഇറക്കുമതി ചെയ്തു. ഡെലിവറി മേഖലയിലെ വളര്‍ച്ച ബൈക്ക് ഇറക്കുമതി വളര്‍ച്ചക്ക് വഴിവെക്കും. കഴിഞ്ഞ കൊല്ലം ആദ്യ പാദത്തെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യ പാദത്തില്‍ ബൈക്ക് ഉപയോഗിച്ചുള്ള ഡെലിവറി മേഖലയില്‍ 38 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
ഫാസ്റ്റ് ഫുഡ് മേഖല ബൈക്കുകളെ കാര്യമായി അവലംബിക്കുന്നു. ഫാസ്റ്റ് ഫുഡ് മേഖലയില്‍ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ കഴിഞ്ഞ വര്‍ഷം 17 ശതമാനം തോതില്‍ വര്‍ധിച്ച് 44,900 ആയി ഉയര്‍ന്നതായി വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഫാസ്റ്റ് ഫുഡ് അടക്കമുള്ള ഓര്‍ഡറുകള്‍ ഡെലവറി ചെയ്യുന്ന ബൈക്കുകള്‍ സൗദി നഗരങ്ങളില്‍ കറങ്ങുന്ന പ്രവണത ശക്തമായിട്ടുണ്ട്.
സൗദിയിലേക്ക് ഏറ്റവുമധികം ബൈക്കുകള്‍ ഇറക്കുമതി ചെയ്യുന്നത് ചൈനയില്‍ നിന്നാണ്. കഴിഞ്ഞ വര്‍ഷം ചൈനയില്‍ നിന്ന് 33,500 ഉം രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ നിന്ന് 19,200 ഉം മൂന്നാം സ്ഥാനത്തുള്ള തായ്‌വാനില്‍ നിന്ന് 2,600 ഉം നാലാം സ്ഥാനത്തുള്ള അമേരിക്കയില്‍ നിന്ന് 1,600 ഉം അഞ്ചാം സ്ഥാനത്തുള്ള ജപ്പാനില്‍ നിന്ന് 1,000 ഉം ബൈക്കുകള്‍ ഇറക്കുമതി ചെയ്തു. 2020 ല്‍ ചൈനയില്‍ നിന്ന് 16,600 ഉം ഇന്ത്യയില്‍ നിന്ന് 2,200 ഉം തായ്‌വാനില്‍ നിന്ന് 2,400 ഉം ജപ്പാനില്‍ നിന്ന് 2,100 ഉം അമേരിക്കയില്‍ നിന്ന് 1,800 ബൈക്കുകളാണ് ഇറക്കുമതി ചെയ്തത്.
ഈ വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ചൈനയില്‍ നിന്ന് 8,800 ഉം ഇന്ത്യയില്‍ നിന്ന് 4,000 ഉം ജപ്പാനില്‍ നിന്ന് 442 ഉം അമേരിക്കയില്‍ നിന്ന് 268 ഉം തായ്‌വാനില്‍ നിന്ന് 130 ഉം ബൈക്കുകള്‍ ഇറക്കുമതി ചെയ്തു. പ്രാദേശിക വിപണിയില്‍ 2,000 റിയാല്‍ മുതല്‍ മൂന്നു ലക്ഷം റിയാല്‍ വരെയുള്ള ബൈക്കുകള്‍ ലഭ്യമാണ്. 2022 ല്‍ ഇറ്റലിയില്‍ നിന്ന് 1,41,000 റിയാല്‍ വിലയുള്ള ബൈക്കും ഈ വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പോളണ്ടില്‍ നിന്ന് 51,000 റിയാല്‍ വിലയുള്ള ബൈക്കും ഇറക്കുമതി ചെയ്തു.
വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ബൈക്കുകള്‍ സൗദി അറേബ്യ മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുമുണ്ട്. കഴിഞ്ഞ വര്‍ഷം 1,100 ഉം 2022 ല്‍ 3,400 ഉം ഇക്കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ 800 ഉം ബൈക്കുകള്‍ സൗദി അറേബ്യ ഇങ്ങിനെ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചതായും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു.