ജിദ്ദ – കഴിഞ്ഞ വര്‍ഷം ആദ്യത്തെ ആറു മാസത്തെ അപേക്ഷിച്ച് ഈ കൊല്ലം ജനുവരി മുതല്‍ ജൂണ്‍ അവസാനം വരെയുള്ള കാലത്ത് സൗദിയില്‍ കോടതികളിലെത്തിയ തൊഴില്‍ കേസുകളില്‍ 31.2 ശതമാനം വര്‍ധന രേഖപ്പെടുത്തി. ആറു മാസത്തിനിടെ 60,900 തൊഴില്‍ കേസുകളാണ് കോടതികളിലെത്തിയത്. ഏറ്റവുമധികം തൊഴില്‍ കേസുകള്‍ ഉയര്‍ന്നുവന്നത് റിയാദ് പ്രവിശ്യയിലാണ്. ആറു മാസത്തിനിടെ റിയാദിലെ കോടതികളില്‍ 19,486 തൊഴില്‍ കേസുകള്‍ എത്തി. ഇക്കാലയളവില്‍ സൗദിയില്‍ ഉയര്‍ന്നുവന്ന തൊഴില്‍ കേസുകളില്‍ 32 ശതമാനവും എത്തിയത് റിയാദ് പ്രവിശ്യയിലെ കോടതികളിലാണ്. രണ്ടാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയില്‍ 13,992 ഉം മൂന്നാം സ്ഥാനത്തുള്ള കിഴക്കന്‍ പ്രവിശ്യയില്‍ 9,209 ഉം തൊഴില്‍ കേസുകള്‍ കോടതികളിലെത്തി. ഏറ്റവും കുറവ് കേസുകള്‍ ഉയര്‍ന്നുവന്നത് അല്‍ബാഹയിലാണ്. ഇവിടെ ആറു മാസത്തിനിടെ 356 തൊഴില്‍ കേസുകള്‍ മാത്രമാണ് കോടതികളിലെത്തിയത്.
സൗദിയിലെ പ്രധാന നഗരങ്ങളില്‍ തൊഴില്‍ കേസുകള്‍ക്കു മാത്രമായി ലേബര്‍ കോടതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റു പ്രവിശ്യകളിലും നഗരങ്ങളിലും ജനറല്‍ കോടതികളില്‍ സ്ഥാപിച്ച പ്രത്യേക ബെഞ്ചുകളാണ് തൊഴില്‍ കേസുകള്‍ പരിശോധിക്കുന്നത്. പ്രവിശ്യകളിലെ ലേബര്‍ ഓഫീസുകളോട് ചേര്‍ന്ന തൊഴില്‍ തര്‍ക്ക പരിഹാര സമിതികളിലാണ് തൊഴില്‍ പരാതികള്‍ ആദ്യം നല്‍കേണ്ടത്. കേസുകള്‍ക്ക് രമ്യമായ പരിഹാരം കാണാന്‍ സമിതികള്‍ ശ്രമിക്കും. 21 ദിവസത്തിനകം അനുരഞ്ജന പരിഹാരം സാധ്യമാകാത്ത കേസുകള്‍ വിചാരണ ചെയ്ത് വിധി പ്രസ്താവിക്കാന്‍ ലേബര്‍ കോടതികള്‍ക്കു സമര്‍പ്പിക്കുകയാണ് ചെയ്യുക. കോടതികളുടെ ഭാരം കുറക്കാനും കോടതികളിലെത്തുന്ന കേസുകളുടെ എണ്ണം കുറക്കാനും ശ്രമിച്ചാണ് ഈ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സൗദിയില്‍ നേരത്തെ ലേബര്‍ ഓഫീസുകളോട് ചേര്‍ന്ന തൊഴില്‍ തര്‍ക്ക പരിഹാര വിഭാഗങ്ങളാണ് ലേബര്‍ കോടതികളെ പോലെ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ വിചാരണ സിറ്റിംഗുകള്‍ക്ക് കക്ഷികള്‍ ഹാജരാകാത്തതു മൂലം ചില കേസുകള്‍ തീര്‍പ്പാക്കാന്‍ വര്‍ഷങ്ങളെടുത്തിരുന്നു. ഇത് തൊഴിലാളികള്‍ക്ക് പലവിധ പ്രയാസങ്ങളും സൃഷ്ടിക്കുകയും അവകാശങ്ങളും ആനുകൂല്യങ്ങളും നഷ്ടപ്പെടാന്‍ ഇടയാക്കുകയും ചെയ്തിരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം എന്ന നിലക്കാണ് തൊഴില്‍ കേസ് വിചാരണക്ക് നീതിന്യായ മന്ത്രാലയത്തിനു കീഴില്‍ സമീപ കാലത്ത് പ്രത്യേക കോടതികളും ബെഞ്ചുകളും സ്ഥാപിച്ചത്.