ബുറൈദ – നിരോധിത മത്സ്യം ഇറക്കുമതി ചെയ്ത അല്‍ഖസീം പ്രവിശ്യയിലെ കമ്പനിക്ക് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അഞ്ചു ലക്ഷം റിയാല്‍ പിഴ ചുമത്തി. സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച ഒരു തരം മത്സ്യത്തിന്റെ ഡാറ്റയില്‍ കൃത്രിമം നടത്തി സൗദി വിപണിയില്‍ വില്‍ക്കാന്‍ ശ്രമിച്ച കമ്പനിക്കാണ് പിഴ ചുമത്തിയത്. എട്ടിനം മത്സ്യമാണ് കമ്പനി വിദേശത്തു നിന്ന് ഇറക്കുമതി ചെയ്തത്. ഇവ പരിശോധിച്ച് ക്ലിയറന്‍സ് നല്‍കാന്‍ അതോറിറ്റിക്ക് കമ്പനി അപേക്ഷ നല്‍കി.
അതോറിറ്റി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഒരു തരം മത്സ്യത്തിന്റെ പേരില്‍ സംശയം ഉയര്‍ന്നു. ഇറക്കുമതി കാര്‍ഡിലെ ഡാറ്റയും കസ്റ്റംസ് ഡിക്ലറേഷനും മത്സ്യത്തിന്റെ പ്രത്യക്ഷ രൂപവുമായി പൊരുത്തപ്പെടുന്നില്ലെന്ന് വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്ത ഇനം മത്സ്യത്തിന്റെ സാമ്പിളുകള്‍ പിടിച്ചെടുക്കുകയും മുഴുവന്‍ മത്സ്യവും പരിശോധിക്കുകയും ചെയ്തു. ഇക്കൂട്ടത്തില്‍ ഒരു ഇനം മത്സ്യം സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് വിലക്കുള്ളതാണെന്ന് പരിശോധനയില്‍ വ്യക്തമായി.
നിരോധിത ഇനത്തില്‍ പെട്ട രണ്ടു ടണ്‍ മത്സ്യമാണ് കമ്പനി ഇറക്കുമതി ചെയ്തത്. ഈ ഷിപ്പ്‌മെന്റിന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ക്ലിയറന്‍സ് നിഷേധിക്കുകയും നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ കമ്പനിക്കെതിരായ കേസ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയുമായിരുന്നെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി പറഞ്ഞു.