ദമാം – സൗദി അറേബ്യയിലെ ദമാമിൽ മൂന്നു വയസുകാരന്റെ വയറ്റിൽനിന്ന് 49 കാന്തങ്ങൾ നീക്കം ചെയ്തു. ഈസ്റ്റേണ്‍ ഹെല്‍ത്ത് ക്ലസ്റ്ററിന്റെ ഭാഗമായ ദമാം മെറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍സ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് മൂന്ന് വയസ്സുള്ള കുട്ടിയുടെ വയറ്റില്‍ നിന്ന് 49 കാന്തങ്ങള്‍ നീക്കം ചെയ്തത്. സർജറി നടത്താതെയാണ് കാന്തങ്ങൾ മാറ്റിയത്. വിട്ടുമാറാത്ത വയറുവേദന അനുഭവപ്പെട്ട കുട്ടിയെ ദമാം മെറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍സ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എക്‌സ്-റേ പരിശോധനയില്‍ കുട്ടിയുടെ ആമാശയത്തിലും ചെറുകുടലിലുമായി 49 ലോഹ വസ്തുക്കള്‍ (കാന്തങ്ങള്‍) കണ്ടെത്തി.
വയര്‍ തുറന്നുള്ള ശസ്ത്രക്രിയയുടെ ആവശ്യമില്ലാതെ, മുകളിലൂടെയുള്ള ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ എന്‍ഡോസ്‌കോപ്പ് ഉപയോഗിച്ച് ഒരു മണിക്കൂര്‍ നീണ്ടുനിന്ന വിജയകരമായ പ്രക്രിയയിലൂടെ കാന്തങ്ങള്‍ പുറത്തെടുക്കുകയായിരുന്നു.



