മക്ക – ഹജ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സീസണ്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഈ വര്‍ഷം 42,853 സീസണ്‍ വിസകള്‍ അനുവദിച്ചതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വെളിപ്പെടുത്തി. താല്‍ക്കാലിക ജീവനക്കാര്‍ക്കുള്ള ആവശ്യം നികത്താനും തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കാനും സീസണ്‍ വിസാ സേവനം സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്നു. എളുപ്പമാര്‍ന്നതും ലളിതവുമായ വ്യവസ്ഥകളോടെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വളരെ നേരത്തെ സീസണ്‍ വിസകള്‍ അനുവദിക്കാന്‍ മന്ത്രാലയം നടപടികള്‍ സ്വീകരിച്ചു. സീസണ്‍ വിസാ വ്യവസ്ഥകള്‍ സ്ഥാപനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഉറപ്പുവരുത്തുന്നു.
സ്വദേശികളുടെയും രാജ്യത്ത് നിയമാനുസൃത ഇഖാമകളില്‍ കഴിയുന്ന വിദേശ തൊഴിലാളികളുടെയും സേവനം ഹജ് കാലത്ത് താല്‍ക്കാലികമായും നിയമവിധേയമായും പ്രയോജനപ്പെടുത്താന്‍ സ്വകാര്യ കമ്പനികളെയും സ്ഥാപനങ്ങളെയും അനുവദിക്കുന്ന അജീര്‍ ഹജ് സേവനവും മന്ത്രാലയം നടപ്പാക്കുന്നുണ്ട്. ഹജ് സീസണില്‍ തങ്ങള്‍ ജോലിക്കു വെക്കുന്ന തൊഴിലാളികള്‍ക്ക് അജീര്‍ ഹജ് സേവനം വഴി താല്‍ക്കാലിക വര്‍ക്ക് പെര്‍മിറ്റുകള്‍ നേടാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സാധിക്കും. തങ്ങളുടെ പക്കലുള്ള ഒഴിവുകളെ കുറിച്ച് അജീര്‍ പോര്‍ട്ടല്‍ വഴി പ്രദര്‍ശിപ്പിക്കാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഈ അവസരങ്ങള്‍ പരിശോധിച്ച് അവക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ തൊഴിലന്വേഷകര്‍ക്കും കഴിയും.
പ്രാദേശിക തൊഴില്‍ വിപണിയില്‍ തൊഴിലാളികളുടെ വഴക്കവും കാര്യക്ഷമതയും വര്‍ധിപ്പിക്കാനും വഴക്കമാര്‍ന്ന തൊഴില്‍ പോംവഴികള്‍ നല്‍കാനും വിദേശത്തു നിന്നുള്ള റിക്രൂട്ട്‌മെന്റ് കുറക്കാനും അജീര്‍ ഹജ് സേവനത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നു. അജീര്‍ ഹജ് സേവനം ഓണ്‍ലൈന്‍ ആയും ലളിതമായും പ്രയോജനപ്പെടുത്താന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സാധിക്കും. ഈ വര്‍ഷത്തെ ഹജിന് 924 സ്ഥാപനങ്ങള്‍ അജീര്‍ ഹജ് സേവനം പ്രയോജനപ്പെടുത്തി 11,715 തൊഴിലാളികളെ താല്‍ക്കാലികമായി ജോലിക്കു വെക്കാന്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ നേടിയതായും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group