ജിദ്ദ – ഫെബ്രുവരിയില്‍ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം 27,600 വിമാന സര്‍വീസുകളിലായി 47.9 ലക്ഷം യാത്രക്കാരെ സ്വീകരിച്ചു. ആകെ 56 ലക്ഷം ബാഗേജുകളും കഴിഞ്ഞ മാസം ജിദ്ദ എയര്‍പോര്‍ട്ടില്‍ കൈകാര്യം ചെയ്തു. 2025 ല്‍ 5.34 കോടിയിലേറെ യാത്രക്കാരെ സ്വീകരിച്ച് മെഗാ എയര്‍പോര്‍ട്ട് വിഭാഗത്തില്‍ ഔദ്യോഗികമായി പ്രവേശിച്ച ജിദ്ദ വിമാനത്താവളം റെക്കോര്‍ഡ് പ്രകടനം കഴിഞ്ഞ മാസവും തുടര്‍ന്നു.
2026 ഫെബ്രുവരി 22 നാണ് ജിദ്ദ എയര്‍പോര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരെ സ്വീകരിച്ചത്. അന്ന് 1,85,800 യാത്രക്കാര്‍ ജിദ്ദ വിമാനത്തവളത്തിലൂടെ കടന്നുപോയി. ജിദ്ദ എയര്‍പോര്‍ട്ടിന്റെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ പ്രതിവാര യാത്രക്കാര്‍ക്കും ഫെബ്രുവരി സാക്ഷ്യം വഹിച്ചു. കഴിഞ്ഞ മാസം ഒരാഴ്ചക്കിടെ 12.3 ലക്ഷം യാത്രക്കാര്‍ ജിദ്ദ വിമാനത്താവളം ഉപയോഗിച്ചു. റമദാനിലും ഉംറ സീസണ്‍ അവസാനിക്കുന്നതു വരെയും വര്‍ധിച്ചുവരുന്ന യാത്രാ ആവശ്യം നിറവേറ്റാനുള്ള തുടര്‍ച്ചയായ പ്രവര്‍ത്തന വേഗത, കാര്യക്ഷമമായ ഓപ്പറേഷന്‍, ശക്തമായ അടിസ്ഥാന സൗകര്യ സന്നദ്ധത എന്നിവ ഇത് സൂചിപ്പിക്കുന്നു.
മൂന്ന് പ്രധാന ടെര്‍മിനലുകള്‍ പ്രവര്‍ത്തിപ്പിക്കുക, ജവാസാത്ത് കൗണ്ടറുകള്‍-ബാഗേജ് ഹാന്‍ഡ്ലിംഗ് സംവിധാനങ്ങള്‍-പാസഞ്ചര്‍ ജെറ്റ് (എയര്‍വേ) ബ്രിഡ്ജുകള്‍ എന്നിവ മെച്ചപ്പെടുത്തുക, ജീവനക്കാരുടെ എണ്ണം 10,000 ലേറെയായി വര്‍ധിപ്പിക്കുക എന്നിവ അടക്കം സമഗ്രമായ പ്രവര്‍ത്തന പദ്ധതി നടപ്പാക്കിക്കൊണ്ട് ജിദ്ദ എയര്‍പോര്‍ട്ട്‌സ് കമ്പനി ഉംറ സീസണിനായി നേരത്തെ തന്നെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. ഈ നടപടികള്‍ യാത്രക്കാരുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുകയും തീര്‍ഥാടകര്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാനുഭവം നല്‍കുകയും ചെയ്യുന്നു.
വ്യോമഗതാഗതത്തിലെ ദ്രുതഗതിയിലുള്ള വളര്‍ച്ചക്ക് അനുസൃതമായി, വിമാനത്താവളത്തിലൂടെയുള്ള യാത്രാനുഭവം മെച്ചപ്പെടുത്താനും വിമാന സര്‍വീസ് ഓപ്ഷനുകള്‍ വികസിപ്പിക്കാനുമുള്ള ജിദ്ദ എയര്‍പോര്‍ട്ട്‌സ് കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ ഫലങ്ങള്‍. 2022 ല്‍ സ്ഥാപിതമായതു മുതല്‍ ജിദ്ദ എയര്‍പോര്‍ട്ട്‌സ് കമ്പനി കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം കൈകാര്യം ചെയ്യുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. സൗദി വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്കനുസൃതമായി, ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് തന്ത്രത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ വ്യോമയാന പ്രോഗ്രാം നടപ്പാക്കാന്‍ കമ്പനി പ്രവര്‍ത്തിക്കുന്നു.



