ദമാം – ഏറ്റവും പുതിയ സ്ഥിതിവിവര കണക്കുകള്‍ പ്രകാരം സൗദിയില്‍ 45 ലക്ഷം പ്രമേഹ രോഗികളുള്ളതായി സൗദി സൊസൈറ്റി ഫോര്‍ ഡയബറ്റിസ് ആന്റ് എന്‍ഡോക്രൈനോളജി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഖദീജ മന്‍സൂര്‍ അറിയിച്ചു. രാജ്യത്തെ ജനസംഖ്യയില്‍ 18.7 ശതമാനം പ്രമേഹ രോഗികളാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. 2045 ആകുമ്പോഴേക്കും രാജ്യത്ത് പ്രമേഹബാധിതരുടെ എണ്ണം 75 ലക്ഷമായി ഉയരുമെന്ന് ആശങ്കയുണ്ട്. വര്‍ധിച്ചുവരുന്ന കണക്കുകള്‍, വ്യക്തികളെയും സ്ഥാപനങ്ങളെയും ഒരുപോലെ ബോധവല്‍ക്കരണ ശ്രമങ്ങള്‍ ശക്തമാക്കാന്‍ നിര്‍ബന്ധിതരാക്കുന്നതായി ഖദീജ മന്‍സൂര്‍ പറഞ്ഞു. 2045 ആകുമ്പോഴേക്കും ലോകത്ത് പ്രമേഹബാധിതരുടെ എണ്ണം 70 കോടി കവിയുമെന്ന പ്രവചനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, പ്രതിരോധത്തിന്റെയും നേരത്തെയുള്ള കണ്ടെത്തലിന്റെയും പ്രാധാന്യം എടുത്തുകാണിക്കുന്നതിനുള്ള ഒരു സുപ്രധാന അവസരമാണ് ലോക പ്രമേഹ മാസാചരണം നല്‍കുന്നതെന്നും ഖദീജ മന്‍സൂര്‍ വ്യക്തമാക്കി.
പാന്‍ക്രിയാസ്… നമുക്ക് അവബോധം വളര്‍ത്താം എന്ന ശീര്‍ഷകത്തില്‍ സൗദി സൊസൈറ്റി ഫോര്‍ ഡയബറ്റിസ് ആന്റ് എന്‍ഡോക്രൈനോളജി സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ പരിപാടി ഇന്ന് തെക്കന്‍ ദമാം കോര്‍ണിഷില്‍ സമാപിക്കും. ഇമാം അബ്ദുറഹ്മാന്‍ ബിന്‍ ഫൈസല്‍ സര്‍വകലാശാലയുടെയും കിഴക്കന്‍ പ്രവിശ്യാ ആരോഗ്യ മന്ത്രാലയ ശാഖയുടെയും പങ്കാളിത്തത്തോടെ തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് പരിപാടി സംഘടിപ്പിക്കുന്നത്. പബ്ലിക് ഹെല്‍ത്ത് അതോറിറ്റി (വിഖായ), കിംഗ് ഫഹദ് മിലിട്ടറി മെഡിക്കല്‍ കോംപ്ലക്‌സ് എന്നിവയുള്‍പ്പെടെ 15 ലേറെ സര്‍ക്കാര്‍, ആരോഗ്യ സ്ഥാപനങ്ങൾ പങ്കാളികളായിരുന്നു.
സാമൂഹിക പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന നിലക്ക് ഇമാം അബ്ദുറഹ്മാന്‍ ബിന്‍ ഫൈസല്‍ സര്‍വകലാശാല ബോധവല്‍ക്കരണ പരിപാടിയില്‍ സജീവമായി പങ്കെടുത്തു. പോഷകാഹാരത്തെ കുറിച്ചും സങ്കീര്‍ണതകള്‍ തടയുന്നതിനെ കുറിച്ചും ബോധവല്‍ക്കരണങ്ങള്‍, പ്രാഥമിക പരിശോധനകള്‍, പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ യൂനിവേഴ്‌സിറ്റിക്കു കീഴിലെ ഫാമിലി ആന്റ് കമ്മ്യൂണിറ്റി മെഡിസിന്‍ സെന്റര്‍ നല്‍കി.
ദേശീയ ബോധവല്‍ക്കരണ ശ്രമങ്ങളെ പിന്തുണക്കാനാണ് പ്രമേഹ രോഗ ബോധവല്‍ക്കരണ പരിപാടിയിലെ സര്‍വകലാശാലയുടെ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇമാം അബ്ദുറഹ്മാന്‍ ബിന്‍ ഫൈസല്‍ യൂനിവേഴ്‌സിറ്റി ഫാമിലി ആന്റ് കമ്മ്യൂണിറ്റി മെഡിസിന്‍ സെന്ററിലെ കമ്മ്യൂണിറ്റി റെസ്പോണ്‍സിബിലിറ്റി യൂണിറ്റ് മേധാവി ഡോ. ആദം അല്‍ദുവയാന്‍ പറഞ്ഞു. വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാനും സുസ്ഥിര അവബോധം വളര്‍ത്തിയെടുക്കാനും സമൂഹത്തെ ശാക്തീകരിക്കുന്നതിന് അക്കാദമിക്, മെഡിക്കല്‍ വൈദഗ്ധ്യം നല്‍കാനുള്ള സര്‍വകലാശാലയുടെ പ്രതിബദ്ധത ഡോ. ആദം അല്‍ദുവയാന്‍ വ്യക്തമാക്കി.



