ജിദ്ദ– ആരോഗ്യ മേഖലയിലെ നാലു വിഭാഗങ്ങളിൽ സൗദി വത്കരണം വർധിപ്പിക്കാനുള്ള തീരുമാനത്തിന്റെ രണ്ടാം ഘട്ടം ഇന്നു മുതൽ പ്രാബല്യത്തിൽ വന്നതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് നാലു തൊഴിലുകളിൽ സൗദിവൽക്കരണം ഉയർത്താനുള്ള തീരുമാനം നടപ്പാക്കുന്നത്.
റേഡിയോളജി വിഭാഗത്തിൽ 65 ശതമാനം, തെറാപ്പിക് ന്യൂട്രീഷൻ, ഫിസിയോതെറാപ്പിയിൽ 80 ശതമാനം, മെഡിക്കൽ ലബോറട്ടറി തൊഴിലുകളിൽ 70 ശതമാനം എന്നിങ്ങനെയുള്ള അനുപാതത്തിൽ സൗദിവത്കരണമാണ് ഇന്നു മുതൽ പാലിക്കേണ്ടത്. ഇതോടെ രാജ്യത്തെ ആരോഗ്യ മേഖലയിൽ ഈ നാലു വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന കൂടുതൽ പ്രവാസികളുടെ ജോലി നഷ്ടപ്പെടും.
ഈ തൊഴിലുകളിൽ സ്വദേശി വിദഗ്ദരുടെ മിനിമം വേതനം 7,000 റിയാലും ടെക്നീഷ്യൻമാരുടെ മിനിമം വേതനം 5,000 റിയാലുമായാണ് നിശ്ചയിച്ചിട്ടുള്ളത്. ആരോഗ്യ മേഖലയിൽ നാലു തൊഴിലുകളിൽ നിർബന്ധിത സൗദിവൽക്കരണ അനുപാതം വർധിപ്പിക്കാനുള്ള തീരുമാനത്തിന്റെ ആദ്യഘട്ടം ഈ വർഷം ഏപ്രിൽ 17ന് പ്രാബല്യത്തിൽ വന്നിരുന്നു.
റിയാദ്, മക്ക, മദീന, ജിദ്ദ, ദമാം, അൽകോബാർ എന്നീ പ്രധാന നഗരങ്ങളിൽ ഈ പ്രൊഫഷനുകളിൽ ഒന്നോ അതിലധികമോ പേർ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങൾക്കും മറ്റു പ്രവിശ്യകളിലെ വൻകിട ആരോഗ്യ സ്ഥാപനങ്ങൾക്കുമാണ് ആദ്യ ഘട്ടത്തിൽ തീരുമാനം ബാധകമായിരുന്നത്. എന്നാൽ ഇന്നു മുതൽ നിലവിൽവന്ന രണ്ടാം ഘട്ടത്തിൽ സൗദിയിലെ മുഴുവൻ പ്രവിശ്യകളിലെയും ബാക്കിയുള്ള മുഴുവൻ ആരോഗ്യ സ്ഥാപനങ്ങളും സ്വദേശി വത്കരണ പരിധിയിൽവന്നു. തീരുമാനം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആരോഗ്യ മന്ത്രാലയം നിരീക്ഷിക്കും. ശിക്ഷ നടപടികൾ ഒഴിവാക്കാൻ എല്ലാ സ്ഥാപനങ്ങളും സൗദി വത്കരണ വ്യവസ്ഥകൾ പാലിക്കണമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു.