ജിദ്ദ – ഹജ് തീര്‍ഥാടകര്‍ക്കും സൗദിയിലെ വിവിധ പ്രവിശ്യകളില്‍ വിശ്വാസികള്‍ക്കും ബലികര്‍മം നിര്‍വഹിക്കാനും മറ്റു ആവശ്യങ്ങള്‍ക്കും ലോക രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യ 26 ലക്ഷം കന്നുകാലികളെ ഇറക്കുമതി ചെയ്തതായി കണക്ക്. ഹജ്, ബലിപെരുന്നാള്‍ സീസണില്‍ കന്നുകാലികള്‍ക്കും ഇറച്ചിക്കുമുള്ള വര്‍ധിച്ച ആവശ്യം നികത്താന്‍ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം വലിയ ശ്രമങ്ങളാണ് നടത്തിയത്. ആവശ്യം ഉയരുന്ന പശ്ചാത്തലത്തില്‍ പ്രാദേശിക വിപണിയില്‍ വില വര്‍ധന തടയാന്‍ ശ്രമിച്ച് ദുല്‍ഖഅ്ദ 11 മുതല്‍ ഹജ് സീസണ്‍ അവസാനിക്കുന്നതു വരെയുള്ള കാലത്ത് വിദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ജീവനുള്ള കന്നുകാലികളുടെ ഇറക്കുമതി തീരുവ സര്‍ക്കാര്‍ വഹിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു.
ദുല്‍ഖഅ്ദ ഒന്നു മുതല്‍ 20 വരെയുള്ള കാലത്ത് 8,43,659 ആടുകളെയും 8,394 ഒട്ടകങ്ങളെയും 4,385 പശുക്കളെയും ഇറക്കുമതി ചെയ്തതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. സുഡാന്‍, സോമാലിയ, ജിബൂത്തി, ദക്ഷിണാഫ്രിക്ക, ബഹ്‌റൈന്‍, ഒമാന്‍, ജോര്‍ജിയ, റുമാനിയ, ബള്‍ഗേറിയ, ഓസ്‌ട്രേലിയ, ബ്രസീല്‍, യു.എ.ഇ, ഖത്തര്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് കന്നുകാലികളെ ഇറക്കുമതി ചെയ്യുന്നു.
2022 ല്‍ 3.111 കോടി കന്നുകാലികളെ സൗദിയിലേക്ക് ഇറക്കുമതി ചെയ്തു. 2.88 കോടി ആടുകളെയും 30 ലക്ഷം ഒട്ടകങ്ങളെയും 3,10,000 പശുക്കളെയുമാണ് ആ വര്‍ഷം ഇറക്കുമതി ചെയ്തത്. 2021 ല്‍ സൗദിയില്‍ 2,84,63,878 ആടുകളെ ഉല്‍പാദിപ്പിച്ചു. ഇതില്‍ 2,17,24,724 എണ്ണം കോലാടുകളും 67,39,154 എണ്ണം ചെമ്മരിയാടുകളുമായിരുന്നു. കോലാടുകളെ ഏറ്റവുമധികം ഉല്‍പാദിപ്പിക്കുന്നത് റിയാദ് പ്രവിശ്യയിലാണ്. ഇവിടെ 35,78,835 കോലാടുകളെ 2021 ല്‍ ഉല്‍പാദിപ്പിച്ചു. രണ്ടാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയില്‍ 29,55,344 ഉം മൂന്നാം സ്ഥാനത്തുള്ള ജിസാന്‍ പ്രവിശ്യയില്‍ 27,57,727 ഉം കോലാടുകളെ ഉല്‍പാദിപ്പിച്ചു.
ചെമ്മരിയാടുകളെ ഏറ്റവുമധികം ഉല്‍പാദിപ്പിക്കുന്നത് അസീര്‍ പ്രവിശ്യയിലാണ്. 2021 ല്‍ ഇവിടെ 12,22,537 ചെമ്മരിയാടുകളെ ഉല്‍പാദിപ്പിച്ചു. രണ്ടാം സ്ഥാനത്തുള്ള ജിസാനില്‍ 9,93,208 ഉം മൂന്നാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയില്‍ 6,71,357 ഉം ചെമ്മരിയാടുകളെ ഉല്‍പാദിപ്പിച്ചതായും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.