ജിദ്ദ – നിരീക്ഷണ ക്യാമറകള്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് 20,000 റിയാല്‍ പിഴ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതടക്കം സുരക്ഷാ ക്യാമറ സംവിധാനം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട 18 നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ അടങ്ങിയ പട്ടിക നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ അടക്കാനുള്ള ദേശീയ പ്ലാറ്റ്‌ഫോമില്‍ (ഈഫാ) ആഭ്യന്തര മന്ത്രാലയം പരസ്യപ്പെടുത്തി. നിയമവിരുദ്ധമായി നിരീക്ഷണ ക്യാമറ റെക്കോര്‍ഡിംഗുകള്‍ നീക്കം ചെയ്യുന്നതിനും 20,000 റിയാല്‍ പിഴ ലഭിക്കും. സുരക്ഷാ നിരീക്ഷണ ക്യാമറ സംവിധാനവും റെക്കോര്‍ഡിംഗുകളും കേടുവരുത്തുന്നവര്‍ക്കും നശിപ്പിക്കുന്നവര്‍ക്കും 20,000 റിയാലാണ് പിഴ ലഭിക്കുക. പൊതുസുരക്ഷാ വകുപ്പിന്റെ അനുമതിയില്ലാതെ തെര്‍മല്‍ ക്യാമറകള്‍ ഉപയോഗിക്കുന്നതിന് 10,000 റിയാല്‍ പിഴ ചുമത്തും. ഗുണനിലവാര മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായ സുരക്ഷാ നിരീക്ഷണ സംവിധാനവുമായി ബന്ധപ്പെട്ട ഉപകരണങ്ങളും ക്യാമറകളും സ്ഥാപിക്കുന്നതിന് 500 റിയാല്‍ പിഴ ലഭിക്കും.
ലേഡീസ് സലൂണുകള്‍ക്കും ക്ലബ്ബുകള്‍ക്കുമകത്ത് സുരക്ഷാ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കല്‍, ഹോട്ടലുകളും ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെന്റുകളും അടക്കമുള്ള ടൂറിസ്റ്റ് താമസസൗകര്യങ്ങളില്‍ പാര്‍പ്പിട യൂനിറ്റുകള്‍ക്കുള്ളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കല്‍, ഓപ്പറേഷന്‍ തിയേറ്ററുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കല്‍, മെഡിക്കല്‍ പരിശോധനാ മുറികളിലും ഫിസിയോ തെറാപ്പി മുറികളിലും കിടത്തി ചികിത്സിക്കുന്ന മുറികളിലും വസ്ത്രം മാറുന്ന മുറികളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കല്‍, പൊതുസുരക്ഷാ വകുപ്പിന്റെ അനുമതിയില്ലാതെ ഓഡിയോ റെക്കോര്‍ഡിംഗ് ഫീച്ചര്‍ പ്രവര്‍ത്തിപ്പിക്കല്‍, ടോയ്‌ലെറ്റുകള്‍ക്കകത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ക്ക് 10,000 റിയാല്‍ തോതില്‍ പിഴ ലഭിക്കും.
വ്യവസ്ഥാ പ്രമാണത്തില്‍ വ്യക്തമാക്കിയതിന് അനുസരിച്ച് സുരക്ഷാ നിരീക്ഷണ ക്യാമറ സംവിധാനത്തിന്റെ ഭാഗമായ ഉപകരണം സ്ഥാപിക്കാതിരിതിരിക്കുന്നതിനും സൈറ്റില്‍ സി.സി.ടി.വി സ്ഥാപിച്ചത് വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ സ്ഥാപനത്തിന്റെ മുഴുവന്‍ പ്രവേശന കവാടങ്ങളിലും പുറത്തേക്കുള്ള വഴികളിലും സൗകര്യങ്ങളിലും സ്ഥാപിക്കാതിരിക്കുന്നതിനും വ്യവസ്ഥാ പ്രമാണത്തില്‍ നിര്‍ണയിക്കുന്നതു പ്രകാരമുള്ള ക്യാമറകള്‍ സ്ഥാപിക്കാതിരിക്കുന്നതിനും 1,000 റിയാല്‍ തോതിലാണ് പിഴ ചുമത്തുക. നിശ്ചിത കാലം റെക്കോര്‍ഡിംഗുകള്‍ സൂക്ഷിക്കാതിരിക്കുന്നതിന് 5,000 റിയാല്‍ പിഴ ചുമത്തും. ആഭ്യന്തര മന്ത്രാലയത്തിന്റെയോ പൊതുസുരക്ഷാ വകുപ്പിന്റെയോ കോടതി ഉത്തരവിന്റെയോ അനുമതിയില്ലാതെയും പ്രത്യേക അന്വേഷണ ഏജന്‍സിയുടെ അപേക്ഷ കൂടാതെയും സുരക്ഷാ നിരീക്ഷണ ക്യാമറ റെക്കോര്‍ഡിംഗുകള്‍ പ്രചരിപ്പിക്കുന്നതും നീക്കം ചെയ്യുന്നതും നിയമം വിലക്കുന്നു.