മക്ക – ഹജ് പെര്‍മിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്തിയ അഞ്ചു പ്രവാസികള്‍ അടക്കം 19 പേരെ ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക് പോസ്റ്റുകളില്‍ പ്രവര്‍ത്തിക്കുന്ന സീസണല്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികള്‍ ശിക്ഷിച്ചതായി മന്ത്രാലയം അറിയിച്ചു. ഹജ് തസ്‌രീഹ് ഇല്ലാത്ത 29 പ്രവാസികളെ മക്കയിലേക്ക് കടത്തുന്നതിനിടെ പിടിയിലായ 14 സൗദി പൗരന്മാരെയും അഞ്ചു വിദേശികളെയുമാണ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികള്‍ ശിക്ഷിച്ചത്. ഇവര്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴയും തടവ് ശിക്ഷയുമാണ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികള്‍ വിധിച്ചു. തസ്‌രീഹ് ഇല്ലാതെ ഹജ് നിര്‍വഹിക്കുകയെന്ന ഉദ്ദേശ്യത്തോടെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച 29 പ്രവാസികള്‍ക്ക് 20,000 റിയാല്‍ തോതില്‍ പിഴ ചുമത്തി. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ സൗദിയില്‍ നിന്ന് നാടുകടത്തി പത്തു വര്‍ഷത്തേക്ക് പ്രവേശന വിലക്കേര്‍പ്പെടുത്താനും വിധിയുണ്ട്. ഹജ് പെര്‍മിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താന്‍ ഉപയോഗിച്ച വാഹനങ്ങള്‍ കണ്ടുകെട്ടാന്‍ കോടതിയില്‍ നിയമ നടപടി സ്വീകരിക്കാനും അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികള്‍ ഉത്തരവിട്ടു.
അതിനിടെ, ഹജ് നിയമങ്ങള്‍ ലംഘിച്ച് ഹജ് പെര്‍മിറ്റ് ഇല്ലാത്ത പ്രവാസികളെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച രണ്ട് സൗദി പൗരന്മാരെ ഹജ് സുരക്ഷാ സേന പിടികൂടി. സുരക്ഷാ വകുപ്പുകളുടെ കണ്ണ് വെട്ടിച്ച് മരുഭൂപാതയിലൂടെയാണ് സൗദി പൗരന്മാര്‍ നാലു ഈജിപ്തുകാരെയും ഒരു പാകിസ്ഥാനിയെയും മക്കയിലേക്ക് കടത്താന്‍ ശ്രമിച്ചത്. ഇവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചു.
ഹജ് നിയമങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം എല്ലാവരോടും അഭ്യര്‍ഥിച്ചു. ഹജ് പെര്‍മിറ്റില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നവരെയും ഇത്തരക്കാരെ മക്കയിലേക്ക് കടത്താന്‍ ശ്രമിക്കുന്നവരെയും കുറിച്ചും മറ്റ് ഹജ് നിയമ ലംഘനങ്ങളും മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ 999 എന്ന നമ്പറിലും വിളിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്ന് പൊതു സുരക്ഷാ വകുപ്പ് വ്യക്തമാക്കി.



