മദീന: പ്രയാസരഹിതമായും മനസ്സമാധാനത്തോടെയും ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ മസ്ജിദുന്നബവിയില്‍ ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും ഹറംകാര്യ വകുപ്പ് 16 നമസ്‌കാര സ്ഥലങ്ങള്‍ നീക്കിവെച്ചു. നമസ്‌കാര സ്ഥലങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കാനും പ്രവാചക പള്ളിയില്‍ പ്രവേശിക്കുമ്പോഴും പുറത്തുകടക്കുമ്പോഴും തിരക്ക് ഒഴിവാക്കാനും മസ്ജിദുന്നബവിക്കകത്ത് 12 ഉം മുറ്റങ്ങളില്‍ നാലും നമസ്‌കാര സ്ഥലങ്ങളാണ് ഇങ്ങിനെ നീക്കിവെച്ചിരിക്കുന്നത്. അഞ്ചാം നമ്പര്‍, ആറാം നമ്പര്‍ വാതിലുകള്‍ക്കു സമീപം പടിഞ്ഞാറന്‍ ടെറസ്സില്‍ ബധിരര്‍ക്ക് നമസ്‌കാരം നിര്‍വഹിക്കാന്‍ പ്രത്യേക സ്ഥലം ഒരുക്കിയിട്ടുണ്ട്.
ഇവിടെ ഖുതുബ ആംഗ്യഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുന്നുണ്ട്. .പ്രവാചക പള്ളിയിലും മുറ്റങ്ങളിലുമുള്ള സന്ദര്‍ശകരുടെ സഞ്ചാരം സുഗമമാക്കുന്നതിന് ഇലക്ട്രിക് ഗോള്‍ഫ് കാര്‍ട്ടുകളും വീല്‍ചെയറുകളും ഹറംകാര്യ വകുപ്പ് ഒരുക്കിയിട്ടുണ്ട്. നാലു കേന്ദ്രങ്ങളില്‍ വീല്‍ചെയറുകള്‍ സൗജന്യമായി ഉപയോഗിക്കാന്‍ വിതരണം ചെയ്യുന്നുണ്ട്. വടക്ക് വശത്ത് എക്സിറ്റ് 343 ന് സമീപവും പുതിയ പടിഞ്ഞാറന്‍ മുറ്റത്ത് എക്സിറ്റ് 326 ന് എതിര്‍വശത്തും വടക്ക് വശത്ത് എക്സിറ്റ് 329 ന് അടുത്തുള്ള സമഗ്ര സേവന കേന്ദ്രത്തിലൂടെയും തെക്ക് വശത്ത് എക്സിറ്റ് 301 ന് സമീപമുള്ള സമഗ്ര സേവന കേന്ദ്രത്തിലൂടെയുമാണ് വീല്‍ചെയറുകള്‍ സൗജന്യമായി വായ്പയായി നല്‍കുന്നത്.
പ്രവാചക പള്ളിയിലേക്കുള്ള പ്രവേശന കവാടങ്ങളിലും അനുബന്ധ സൗകര്യങ്ങളിലും വീല്‍ചെയറുകളുടെ ചലനം സുഗമമാക്കാന്‍ റാമ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. സംസം വെള്ളം ലഭ്യമാക്കുന്നതിന് വീല്‍ചെയറുകള്‍ക്ക് അനുയോജ്യമായ ഉയരത്തില്‍ സംസം ജാറുകള്‍ക്കായി പ്രത്യേക ഹോള്‍ഡറുകളും സ്ഥാപിച്ചിട്ടുണ്ട്. പ്രായമായവരുടെയും വികലാംഗരുടെയും സഞ്ചാരം സുഗമമാക്കാന്‍ പ്രവാചക പള്ളിയുടെ മുറ്റങ്ങളിലും അനുബന്ധ സൗകര്യങ്ങളിലും 180 ലിഫ്റ്റുകളും 156 എസ്‌കലേറ്ററുകളും മസ്ജിദുന്നബവിക്കകത്ത് 24 ലിഫ്റ്റുകളും എസ്‌കലേറ്ററുകളുമുണ്ട്. പ്രവാചക പള്ളിയില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ള എല്ലാ ടോയ്ലെറ്റുകളിലും പ്രായമായവരുടെയും വികലാംഗരുടെയും ഉപയോഗത്തിന് 62 ടോയ്ലെറ്റുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.