ജിദ്ദ – സൗദിയിൽ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താത്ത 140 തൊഴിലുടമകള്‍ക്ക് പിഴ ചുമത്തിയതായി കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ്. സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നിര്‍ബന്ധിത ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താത്തതിനും ഇന്‍ഷുറന്‍സ് പോളിസി നിരക്കുകള്‍ അടക്കുന്നതില്‍ വീഴ്ചകള്‍ വരുത്തിയതിനുമാണ് പിഴ ചുമത്തിയത്. ഈ വര്‍ഷം മൂന്നാം പാദത്തില്‍ തൊഴിലുടമകൾക്ക് ആകെ 82.8 കോടിയിലേറെ റിയാലാണ് പിഴ ചുമത്തിയത്.
തൊഴിലാളികളെ ആരോഗ്യ ഇന്‍ഷുറന്‍സില്‍ വരിചേര്‍ക്കുന്നതില്‍ തൊഴിലുടമ പരാജയപ്പെടുകയോ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ അടക്കാതിരിക്കുകയോ ചെയ്താല്‍, ഓരോ വ്യക്തിയുടെയും വാര്‍ഷിക ഇന്‍ഷുറന്‍സ് തുകയില്‍ കവിയാത്ത പിഴ തൊഴിലുടമക്ക് ചുമത്താന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 14 അനുശാസിക്കുന്നുണ്ട്. കൂടാതെ നിശ്ചിത ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ അടക്കാന്‍ തൊഴിലുടമകളെ നിര്‍ബന്ധിക്കുകയും ചെയ്യും. നിയമലംഘകരെ താല്‍ക്കാലികമായോ സ്ഥിരമായോ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതില്‍ നിന്ന് വിലക്കുകയും ചെയ്യും.
ആരോഗ്യ ഇന്‍ഷുറന്‍സ് നിയമത്തിന് അനുസൃതമായി, തൊഴിലുടമകള്‍ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാനും നിയമ പാലനം വര്‍ധിപ്പിക്കാനുമുള്ള കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ പ്രതിബദ്ധത കൗണ്‍സില്‍ വക്താവ് ഇമാന്‍ അല്‍തുറൈഖി വ്യക്തമാക്കി. തൊഴിലുടമകളെ ശാക്തീകരിക്കുകയും ജീവനക്കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ആരോഗ്യ പരിരക്ഷ നല്‍കാനുള്ള അവരുടെ ശേഷി വികസിപ്പിക്കുകയും ചെയ്യുക, നിയമ ലംഘനങ്ങള്‍ നിരീക്ഷിക്കുകയും നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശക്ഷാ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക, ആരോഗ്യ ഇന്‍ഷുറന്‍സ് ഗുണഭോക്താക്കളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക എന്നിവ കൗണ്‍സില്‍ ലക്ഷ്യമിടുന്നു.
ഈ വര്‍ഷം മൂന്നാം പാദാവസാനത്തെ കണക്കുകള്‍ പ്രകാരം ആരോഗ്യ ഇന്‍ഷുറന്‍സ് ഗുണഭോക്താക്കളുടെ എണ്ണം 1.4 കോടിയിലെത്തിയിട്ടുണ്ട്. ഇതില്‍ ഒരു കോടി പേര്‍ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി പ്രാഥമിക വരിക്കാരും 40 ലക്ഷം ആശ്രിതരുമാണ്. ഉയര്‍ന്ന നിലവാരമുള്ളതും കാര്യക്ഷമവുമായ ആരോഗ്യ സേവനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കാനും സുതാര്യവും നൂതനവുമായ സംവിധാനത്തിനുള്ളില്‍ ആരോഗ്യ സേവന ദാതാക്കളെയും തൊഴിലുടമകളെയും ശാക്തീകരിക്കാനും കൗൺസിൽ ലക്ഷ്യമിടുന്നു. ആകെ ഗുണഭോക്താക്കളില്‍ 45 ലക്ഷം പേര്‍ സ്വദേശികളും 95 ലക്ഷം പേര്‍ വിദേശികളുമാണ്.



