ജിദ്ദ: ഒരാഴ്ചയ്ക്കിടെ സൗദി അറേബ്യയിൽനിന്ന് 12,920 ഇഖാമ, തൊഴിൽ, അതിർത്തി നിയമലംഘകരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് 14 മുതൽ 20 വരെ വിവിധ പ്രവിശ്യകളിലെ ഡീപോർട്ടേഷൻ കേന്ദ്രങ്ങൾ വഴിയാണ് ഇവരെ നാടുകടത്തിയത്. ഈ കാലയളവിൽ നടന്ന സുരക്ഷാ പരിശോധനകളിൽ 13,551 ഇഖാമ നിയമലംഘകർ, 4,665 നുഴഞ്ഞുകയറ്റക്കാർ, 4,006 തൊഴിൽ നിയമലംഘകർ എന്നിവർ ഉൾപ്പെടെ 22,222 പേർ പിടിയിലായി.
അതിർത്തി വഴി അനധികൃതമായി രാജ്യത്ത് പ്രവേശിക്കാൻ ശ്രമിച്ച 1,786 പേർ അറസ്റ്റിലായി. ഇവരിൽ 42 ശതമാനം യെമനികളും 57 ശതമാനം എത്യോപ്യക്കാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 33 പേരും, നിയമലംഘകർക്ക് താമസമോ ഗതാഗതമോ ജോലിയോ നൽകിയ 18 പേരും പിടിയിലായി.
നിലവിൽ 25,921 പേർ (23,419 പുരുഷന്മാർ, 2,502 വനിതകൾ) ഡീപോർട്ടേഷൻ കേന്ദ്രങ്ങളിൽ കഴിയുന്നു. 19,596 പേർക്ക് താൽക്കാലിക യാത്രാ രേഖകൾ നേടാൻ എംബസികളുമായും കോൺസുലേറ്റുകളുമായും സഹകരിക്കുന്നു. 1,664 പേർക്ക് യാത്രാ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുന്നു.
നുഴഞ്ഞുകയറ്റക്കാർക്ക് സഹായം നൽകുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കാം. അവർക്ക് ഗതാഗതമോ താമസമോ നൽകാൻ ഉപയോഗിച്ച വാഹനങ്ങളും പാർപ്പിടങ്ങളും കണ്ടുകെട്ടും. നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911-ലും മറ്റ് പ്രദേശങ്ങളിൽ 999, 996 നമ്പറുകളിലും ബന്ധപ്പെടണം. വിവരങ്ങൾ രഹസ്യമായി കൈകാര്യം ചെയ്യുമെന്നും റിപ്പോർട്ട് ചെയ്യുന്നവർക്ക് ഉത്തരവാദിത്തം വഹിക്കേണ്ടതില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.