ജിദ്ദ – ഈ വര്‍ഷം ആദ്യ പാദത്തില്‍ 1,21,000 ലേറെ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ അനുവദിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ കൊല്ലം ആദ്യ പാദത്തെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യ പാദത്തില്‍ അനുവദിച്ച കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളുടെ എണ്ണം 78 ശതമാനം തോതില്‍ ഉയര്‍ന്നു. ഈ വര്‍ഷം ആദ്യ പാദാവസാനത്തെ കണക്കുകള്‍ പ്രകാരം സൗദിയിലെ എല്ലാ പ്രവിശ്യകളിലുമായി ആകെ 15,18,000 ലേറെ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളാണുള്ളത്.
ആകെ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളില്‍ 38 ശതമാനം സൗദി യുവതീയുവാക്കളുടെ പേരിലാണ്. കണ്ടെയ്‌നര്‍ സേവനം, ലോജിസ്റ്റിക് സേവനം, കര ഗതാഗതം, കല, വിനോദം, ക്ലൗഡ് കംപ്യൂട്ടിംഗ്, ഇ-ഗെയിമുകള്‍ പോലുള്ള മികച്ച മേഖലകളില്‍ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളുടെ എണ്ണത്തില്‍ വലിയ വളര്‍ച്ച രേഖപ്പെടുത്തിയതായി വാണിജ്യ മന്ത്രാലയം പറഞ്ഞു.
ദേശീയ സമ്പദ്‌വ്യവസ്ഥക്ക് ഏറെ പിന്തുണ നല്‍കുന്ന ഇ-കൊമേഴ്‌സ് മേഖലയില്‍ അനുവദിച്ച കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളുടെ എണ്ണം കഴിഞ്ഞ കൊല്ലം ആദ്യ പാദത്തെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യ പാദത്തില്‍ 17 ശതമാനം തോതില്‍ വര്‍ധിച്ചു. ആദ്യ പാദാവസാനത്തെ കണക്കുകള്‍ പ്രകാരം ഇ-കൊമേഴ്‌സ് മേഖലയില്‍ 40,000 ലേറെ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളുണ്ട്.