ജിദ്ദ– തലസ്ഥാന നഗരിയെ ഉത്തര സൗദിയുമായി ബന്ധിപ്പിക്കുന്ന നോര്‍ത്തേണ്‍ റെയില്‍വെ നെറ്റ്‌വര്‍ക്കില്‍ സര്‍വീസുകള്‍ക്ക് ഉപയോഗിക്കാനായി പത്തു പുതിയ പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍മിക്കാനുള്ള കരാര്‍ ടെന്‍ഡര്‍ വിളിച്ച് നല്‍കുന്നു. ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് തന്ത്രത്തിന്റെയും വിഷന്‍ 2030 ന്റെയും ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി രാജ്യത്ത് റെയില്‍വെ സംവിധാനം വികസിപ്പിക്കാനും യാത്രാ സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനുമുള്ള പദ്ധതികളുടെ ഭാഗമായാണിതെന്ന് സൗദി അറേബ്യ റെയില്‍വെയ്‌സ് പറഞ്ഞു.
പ്രവര്‍ത്തന സന്നദ്ധത വര്‍ധിപ്പിക്കാനും ആസ്തികളുടെ ദീര്‍ഘകാല സുസ്ഥിരത ഉറപ്പാക്കാനും സഹായിക്കുന്ന നിലക്ക് പുതിയ ട്രെയിനുകളുടെ രൂപകല്‍പ്പന, നിര്‍മ്മാണം, ഇറക്കുമതി, അറ്റകുറ്റപ്പണി സേവനങ്ങള്‍ എന്നിവ ടെന്‍ഡറില്‍ ഉള്‍പ്പെടുന്നു. അംഗീകൃത ടെന്‍ഡറിംഗ് നടപടിക്രമങ്ങള്‍ അനുസരിച്ച്, ബിഡ് സമര്‍പ്പിക്കാനുള്ള അവസാന തീയതി 2026 മെയ് 11ന് ആണ്.
പാസഞ്ചര്‍ ട്രെയിന്‍ നിര വികസിപ്പിക്കുന്നത് തന്ത്രപരമായ ലക്ഷ്യമാണെന്നും യാത്രാ സേവനങ്ങള്‍ വികസിപ്പിക്കാനുള്ള കമ്പനിയുടെ പദ്ധതികളിലെ നിര്‍ണായക ഘട്ടമാണെന്നും സൗദി അറേബ്യ റെയില്‍വെയ്‌സ് സി.ഇ.ഒ ഡോ. ബശാര്‍ അല്‍മാലിക് പറഞ്ഞു. പുതിയ ട്രെയിനുകള്‍ സര്‍വീസില്‍ പ്രവേശിക്കുന്നത് നോര്‍ത്തേണ്‍ നെറ്റ്വര്‍ക്കിന്റെ പ്രവര്‍ത്തന ശേഷി മൂന്നിരട്ടിയായി വര്‍ധിച്ച് പ്രതിവര്‍ഷ ശേഷി 24 ലക്ഷത്തിലേറെ സീറ്റിലെത്തും. ഇത് യാത്രക്കാരില്‍ നിന്ന് വര്‍ധിച്ചു വരുന്ന ആവശ്യം നിറവേറ്റാന്‍ സഹായിക്കും. ഇന്റര്‍സിറ്റി ഗതാഗതത്തിനുള്ള വര്‍ധിച്ചു വരുന്ന ആവശ്യം നിറവേറ്റാനുള്ള സൗദി അറേബ്യ റെയില്‍വെയ്‌സിന്റെ ശേഷി ഇത് വര്‍ധിപ്പിക്കുമെന്നും ഡോ. ബശാര്‍ അല്‍മാലിക് വ്യക്തമാക്കി.
ഏകദേശം 2,700 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതും റിയാദ്, മജ്മ, അല്‍ഖസീം, ഹായില്‍, അല്‍ജൗഫ്, ഖുറയ്യാത്ത് എന്നിവയുള്‍പ്പെടെ ഏതാനും പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്നതുമായ നോര്‍ത്തേണ്‍ നെറ്റ്വര്‍ക്കിലാണ് പുതിയ ട്രെയിനുകള്‍ സര്‍വീസ് നടത്തുക. സുല്‍ഫി സ്റ്റേഷന്‍ പോലുള്ള പുതിയ സ്റ്റേഷനുകള്‍ ഉള്‍പ്പെടുത്തി വരും വര്‍ഷങ്ങളില്‍ നോര്‍ത്തേണ്‍ റെയില്‍വെ ശൃംഖല വികസിപ്പിക്കാനും പദ്ധതികളുണ്ട്.
വിവിധ റെയില്‍വെ നെറ്റ്വര്‍ക്കുകളില്‍ പാസഞ്ചര്‍ ട്രെയിന്‍ നിര ഘട്ടം ഘട്ടമായും നിരന്തരവുമായും നവീകരിക്കാള്ള സൗദി അറേബ്യ റെയില്‍വെയ്‌സിന്റെ സമീപനത്തിന്റെ തുടര്‍ച്ചയാണ് പുതുതായി പത്തു ട്രെയിനുകള്‍ നിര്‍മിക്കാനുള്ള ടെന്‍ഡര്‍. യാത്രാ സേവനങ്ങള്‍ വികസിപ്പിക്കാനും പ്രവര്‍ത്തന കാര്യക്ഷമത മെച്ചപ്പെടുത്താനും ദേശീയ റെയില്‍വേ ശൃംഖലയിലുടനീളം സേവന വിശ്വാസ്യത വര്‍ധിപ്പിക്കാനുമുള്ള കമ്പനിയുടെ സമഗ്ര പദ്ധതികളുടെ ഭാഗമായി, ഈസ്റ്റേണ്‍ റെയില്‍വെ ശൃംഖലക്കായി നിലവില്‍ പത്ത് പുതിയ ട്രെയിനുകള്‍ കൂടി നിര്‍മ്മിക്കുന്നുണ്ട്.



