റിയാദ് – സൗദിയില്‍ അഞ്ചര വര്‍ഷത്തിനിടെ വ്യവസായ മേഖലയില്‍ ഒന്നര ലക്ഷത്തിലേറെ സ്വദേശികള്‍ക്ക് തൊഴില്‍ ലഭിച്ചതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധി അറിയിച്ചു. 2020 നും 2025 ന്റെ ആദ്യ പകുതിക്കും ഇടയില്‍ 151,000 സ്വദേശികള്‍ക്കാണ് തൊഴില്‍ ലഭിച്ചത്. ഇക്കാലയളവില്‍ തൊഴില്‍ ബന്ധിത പരിശീലനത്തിനുള്ള സ്വദേശികളുടെ മത്സരശേഷി വര്‍ധിപ്പിക്കാൻ 24 കരാറുകളിലാണ് ഒപ്പുവെച്ചത്. ഒമ്പതിനായിരം സ്വദേശികള്‍ക്ക് പരിശീലനം നല്‍കാന്‍ ലക്ഷ്യമിട്ടുള്ള ഈ കരാറുകള്‍ നടപ്പാക്കാന്‍ ആകെ 100 കോടിയിലേറെ റിയാലാണ് ചെലവഴിക്കുന്നത്. വ്യവസായ, ഖനന മേഖലയില്‍ ഫണ്ടിന്റെ ധനസഹായത്തോടെ തൊഴിലവസരങ്ങള്‍ ലഭ്യമാക്കിയവരുടെ നിരക്ക് 80 ശതമാനത്തിലെത്തിയിട്ടുണ്ട്.
2024 ല്‍ വ്യാവസായിക മേഖല ഗണ്യമായ വളര്‍ച്ചയാണ് കൈവരിച്ചത്. കഴിഞ്ഞ കൊല്ലം 1,346 പുതിയ വ്യാവസായിക ലൈസന്‍സുകള്‍ അനുവദിച്ചു. ഇവയിലെ ആകെ നിക്ഷേപങ്ങള്‍ 50 ബില്യണിലേറെ റിയാലാണ്. 48 ബില്യണ്‍ റിയാലില്‍ കൂടുതല്‍ നിക്ഷേപങ്ങളോടെ സ്ഥാപിച്ച 1,075 ഫാക്ടറികളാണ് കഴിഞ്ഞ കൊല്ലം ഉല്‍പ്പാദനം ആരംഭിച്ചത്. 2024 ല്‍ വ്യവസായ മേഖല 44,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ഖനന വിതരണ ശൃംഖലകള്‍ വികസിപ്പിക്കാന്‍ ഖനന മേഖല തന്ത്രം പ്രത്യേക ഊന്നല്‍ നല്‍കുന്നു. സ്വദേശികളുടെ ശേഷികള്‍ പരിപോഷിപ്പിക്കുന്നതിലും തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഖനന മേഖലയില്‍ ഉയര്‍ന്ന മൂല്യമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്നും മാനവശേഷി വികസന നിധി പറഞ്ഞു.
വ്യവസായ, ഖനന മേഖലയില്‍ പുതുതായി നിയമിക്കുന്ന സ്വദേശികളുടെ വേതന വിഹിതം നിശ്ചിത കാലത്തേക്ക് വഹിക്കുന്ന പദ്ധതി പ്രകാരമുള്ള ധനസഹായവും വര്‍ധിപ്പിച്ചു. പദ്ധതി പ്രയോജനം ലഭിക്കുന്ന സ്വദേശി ജീവനക്കാരന്റെ ശമ്പളത്തിന്റെ 50 ശതമാനം, പരമാവധി 3,000 റിയാലായി ഫണ്ട് വഹിക്കുന്ന വേതന വിഹിതമാണ് ഉയര്‍ത്തിയത്. വ്യാവസായിക മേഖലയില്‍ ജോലിയില്‍ നിയമിച്ച് പരിശീലനം നല്‍കുന്ന പദ്ധതികളുടെ പ്രയോജനം അഞ്ചര വര്‍ഷത്തിനിടെ 5,000 ലേറെ സ്വദേശികള്‍ക്ക് ലഭിച്ചു. തൊഴില്‍ വിപണിയെ ശാക്തീകരിക്കാനും മികച്ച മേഖലകളിലേക്കുള്ള അതിന്റെ പരിവര്‍ത്തനത്തെ പിന്തുണക്കാനും ഫണ്ടിന്റെ തന്ത്രപരമായ പങ്ക് സഹായിച്ചിട്ടുണ്ട്. ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുന്ന നിലക്ക് സുസ്ഥിര ദേശീയ മാനവ മൂലധനം കെട്ടിപ്പടുക്കാന്‍ ഫണ്ട് തുടര്‍ച്ചയായി ശ്രമിക്കുന്നു.
സൗദി അറേബ്യയുടെ വിഷന്‍ 2030 ല്‍ നിന്ന് ഉരുത്തിരിഞ്ഞ ദേശീയ വ്യാവസായിക തന്ത്രം, സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തത്തോടെ സുപ്രധാന വ്യവസായങ്ങള്‍ വികസിപ്പിക്കുന്നതിലും വിവിധ വ്യാവസായിക മേഖലകളിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും സുസ്ഥിര രീതികളും സംയോജിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആഗോള വിതരണ ശൃംഖലകളെ ശക്തിപ്പെടുത്തുക, പ്രാദേശിക ഉല്‍പ്പാദനം വര്‍ധിപ്പിക്കുക, ഉയര്‍ന്ന നിലവാരമുള്ള സാങ്കേതിക ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി ലോകമെമ്പാടും വിപുലീകരിക്കുക എന്നിവയാണ് ദേശീയ വ്യാവസായിക തന്ത്രം ലക്ഷ്യമിടുന്നത്. 2030 ആകുമ്പോഴേക്കും വ്യവസായ മേഖലയില്‍ 895 ബില്യണ്‍ റിയാലിന്റെ ജി.ഡി.പി ലക്ഷ്യമിടുന്നുണ്ട്. 2030 ഓടെ ഈ മേഖല 21 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.



