കോഴിക്കോട് – മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വസ്തു ഉടമ വഴി വെട്ടിക്കുഴിച്ചതു കാരണം മുക്കം വെസ്റ്റ് ചേന്ദമംഗലൂരിലെ ഭിന്നശേഷിക്കാരി അടക്കമുള്ള നാലു കുടുംബങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കോഴിക്കോട് ജില്ലാ കളക്ടർ പരാതിയെ കുറിച്ച് പരിശോധന നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിംങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ഉത്തരവിൽ പറഞ്ഞു.
നടന്നു പോകാൻ പോലും വഴിയില്ല. വഴിയായി ഉപയോഗിച്ചിരുന്ന സ്ഥലം ഉടമ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇല്ലാതാക്കി. ജില്ലാകളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. കുടുംബങ്ങൾ സഞ്ചരിക്കുന്ന വഴി തന്റെതാണെന്ന് സ്ഥല ഉടമ പറയുന്നു. പൊതുവഴി മറ്റൊരാൾ കൈയ്യടക്കിയിരിക്കുകയാണെന്നും സ്ഥലം ഉടമ പറയുന്നു.
മാർച്ചിൽ കോഴിക്കോട് നടക്കുന്ന സിറ്റിംങിൽ കേസ് പരിഗണിക്കും. ദൃശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group