ജിദ്ദ – ഈ വര്‍ഷം രണ്ടാം പാദത്തില്‍ സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഏതാനും ആഗോള കമ്പനികളുടെ ഓഹരികള്‍ വിറ്റഴിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. യു.എസ് കമ്പനികളായ മെറ്റാ പ്ലാറ്റ്ഫോംസ്, പേപാല്‍, ഫെഡ്എക്‌സ്, ചൈനീസ് കമ്പനിയായ ആലിബാബ എന്നിവയാണ് പി.ഐ.എഫ് നിക്ഷേപങ്ങള്‍ പിന്‍വലിച്ച പ്രധാന കമ്പനികള്‍.
എന്‍.യു ഹോള്‍ഡിംഗ്സ്, ഷോപ്പിഫൈ ഓഹരികളും സൗദി ഫണ്ട് വിറ്റഴിച്ചു. പിന്റെറസ്റ്റിലെ ഓഹരികള്‍ 94.9 ശതമാനം തോതിലും കുറച്ചു. പിന്റെറസ്റ്റില്‍ 2,09,992 ക്ലാസ് എ ഷെയറുകളാണ് പി.ഐ.എഫിന്റെ പക്കല്‍ ഇപ്പോഴുള്ളത്.
സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ കഴിഞ്ഞ വര്‍ഷം 19 ശതമാനം തോതില്‍ വര്‍ധിച്ച് 3.42 ട്രില്യണ്‍ സൗദി റിയാലില്‍ (913 ബില്യണ്‍ ഡോളര്‍) എത്തി. 2016 ല്‍ പി.ഐ.എഫ് പുനഃസംഘടിപ്പിക്കുകയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ ഫണ്ടിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചതിനും ശേഷം ഫണ്ട് ആസ്തികള്‍ അഞ്ചിരട്ടിയിലേറെ വര്‍ധിച്ചിട്ടുണ്ട്.
2015 ല്‍ പി.ഐ.എഫ് ആസ്തികള്‍ 570 ബില്യണ്‍ റിയാലായിരുന്നു. കഴിഞ്ഞ വര്‍ഷാവവസാനത്തോടെ, ആഭ്യന്തര വിപണിയിലെ പി.ഐ.എഫ് നിക്ഷേപങ്ങള്‍ ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികളുടെ 80 ശതമാനമായി വര്‍ധിപ്പിച്ചു. സൗദി വിപണിയില്‍ ഫണ്ട് നിക്ഷേപങ്ങള്‍ 2.7 ട്രില്യണ്‍ റിയാല്‍ കവിഞ്ഞു. ആഗോള നിക്ഷേപങ്ങള്‍ 17 ശതമാനമായി കുറച്ചു. ഫണ്ടിന്റെ വിദേശ നിക്ഷേപങ്ങള്‍ 591 ബില്യണ്‍ റിയാലായാണ് കുറഞ്ഞിരിക്കുന്നത്. ബാക്കിയുള്ള വിഹിതം ട്രഷറിയിലാണ് നിക്ഷേപിച്ചിരിക്കുന്നത്. 2021 നുശേഷം വിദേശ നിക്ഷേപങ്ങള്‍ പകുതിയോളമായി ഫണ്ട് കുറച്ചിട്ടുണ്ട്. 2021 ല്‍ ഫണ്ട് ആസ്തികളില്‍ ഏകദേശം 30 ശതമാനവും വിദേശങ്ങളിലായിരുന്നു.
2025 അവസാനം വരെ പ്രാദേശിക സമ്പദ് വ്യവസ്ഥയില്‍ പ്രതിവര്‍ഷം കുറഞ്ഞത് 150 ബില്യണ്‍ റിയാലിന്റെ നിക്ഷേപങ്ങള്‍ നടത്തുക, അനുബന്ധ സ്ഥാപനങ്ങള്‍ വഴി എണ്ണ ഇതര മൊത്തം ആഭ്യന്തരോല്‍പാദനത്തിലേക്ക് ആകെ 1.2 ട്രില്യണ്‍ റിയാല്‍ സംഭാവന ചെയ്യുക എന്നിവ അടക്കം 2021-2025 ധനകാര്യ ആസുത്രണത്തിൽ നിരവധി ലക്ഷ്യങ്ങള്‍ ഉള്‍പ്പെടുന്നു. ഈ വര്‍ഷാവസാനത്തോടെ ആസ്തികള്‍ നാലു ട്രില്യണ്‍ റിയാലിലേറെയായി ഉയര്‍ത്താനും 18 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഫണ്ട് ലക്ഷ്യമിടുന്നു. 2024 അവസാനത്തോടെ ഫണ്ടിനു കീഴിലെ കമ്പനികളുടെ എണ്ണം 225 ആയി ഉയര്‍ന്നു. ഇതില്‍ 103 കമ്പനികള്‍ പി.ഐ.എഫ് സ്ഥാപിച്ചവയാണ്.