ജിദ്ദ – സൗദി ഇസ്‌ലാമികകാര്യ മന്ത്രാലയം 31,000 ജീവനക്കാരെ പുതുതായി നിയമിക്കുന്നു. വിവിധ പ്രവിശ്യകളിലെ മസ്ജിദുകളില്‍ ഇമാമുമാരും മുഅദ്ദിനുകളും അടക്കം 31,000 ജീവനക്കാരെയാണ് നിയമിക്കുന്നതെന്നും ഈ തസ്തികകളിലേക്ക് ഇന്നു മുതല്‍ അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങിയതായും ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് അറിയിച്ചു.
മന്ത്രാലയം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റിക്രൂട്ട്മെന്റ് പദ്ധതി പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് പുതുതായി 31,000 പേരെ കൂടി നിയമിക്കുന്നത്. നാഷണല്‍ എംപ്ലോയ്മെന്റ് ഇനിഷ്യേറ്റീവിന്റെ ഭാഗമായി നാലു വര്‍ഷത്തിനിടെ 60,000 സൗദി പൗരന്മാരെ മന്ത്രാലയ ശാഖകളില്‍ നിയമിച്ചു. പുതുതായി 31,000 പേരെ കൂടി നിയമിക്കുന്നതോടെ മന്ത്രാലയം ലഭ്യമാക്കിയ തൊഴിലവസരങ്ങളുടെ എണ്ണം 91,000 ആയി ഉയരും.
തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും പിന്തുണയും, ദൈവീക ഭവനങ്ങളെ സേവിക്കുന്നതിലും ഇസ്‌ലാമിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിലും അനുയോജ്യമായ തൊഴിലവസരങ്ങള്‍ നല്‍കി സ്വദേശികളെ ശാക്തീകരിക്കാനുള്ള അവരുടെ പ്രതിബദ്ധതയും ഈ നേട്ടം പ്രതിഫലിപ്പിക്കുന്നു.
അലവന്‍സ് സമ്പ്രദായത്തില്‍ നിയമിക്കുന്ന പുതിയ തൊഴിലുകളില്‍ ഫുള്‍ടൈം അടിസ്ഥാനത്തില്‍ ജോലി ചെയ്യേണ്ട ആവശ്യമില്ല. പുതുതായി നിയമിക്കപ്പെടുന്നവരെ രണ്ട് ജോലികള്‍ ഒരുമിച്ചുകൊണ്ടുപോകാന്‍ അനുവദിക്കും. യോഗ്യതയുള്ള സ്വദേശികള്‍ അതത് പ്രവിശ്യകളിലെ മന്ത്രാലയ ശാഖകള്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇത്രയുമധികം സ്വദേശികളെ പുതുതായി നിയമിക്കുന്നത് മന്ത്രാലയത്തിനുള്ളിലെ ഭരണപരവും സാങ്കേതികവുമായ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരത്തിലും കാര്യക്ഷമതയിലും ഗുണപരമായ സ്വാധീനം ചെലുത്തുമെന്നും വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുമെന്നും ഇസ്‌ലാമികകാര്യ മന്ത്രി വിശദീകരിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച മന്ത്രാലയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ദേശീയ തൊഴില്‍ പദ്ധതി പ്രോഗ്രാമിനു കീഴിലുള്ള അവസാന എട്ട് കരാറുകളില്‍ ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖിന്റെ സാന്നിധ്യത്തില്‍ ഒപ്പുവെച്ചിരുന്നു. നിരവധി മന്ത്രാലയ ഉദ്യോഗസ്ഥരും മാധ്യമ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. പ്രബോധകര്‍ (പുരുഷന്മാരും സ്ത്രീകളും), ഇമാമുമാര്‍, മുഅദ്ദിനുകള്‍, സൂപ്പര്‍വൈസര്‍മാര്‍ (പുരുഷന്മാരും സ്ത്രീകളും), സുരക്ഷാ ഗാര്‍ഡുകള്‍ (പുരുഷന്മാരും സ്ത്രീകളും) എന്നിങ്ങനെ വിവിധ തസ്തികകളിലാണ് നാലു വര്‍ഷത്തിനിടെ 60,000 പേരെ ഇസ്‌ലാമികകാര്യ മന്ത്രാലയത്തില്‍ നിയമിച്ചത്. പുതുതായി സൃഷ്ടിച്ച 31,000 പുതിയ തസ്തികകള്‍ മന്ത്രാലയത്തിന്റെ തൊഴില്‍ തന്ത്രത്തിലെ സുപ്രധാന കുതിച്ചുചാട്ടത്തെ പ്രതിനിധീകരിക്കുന്നു.



