റിയാദ് – മുന്നറിയിപ്പില്ലാതെ സര്‍വീസ് റദ്ദാക്കി പ്രവാസികളെയും മറ്റു യാത്രക്കാരെയും പെരുവഴിയിലാക്കിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ജീവനക്കാരുടെ നടപടി കടുത്ത ക്രൂരതയാണെന്ന് കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി. കേരളത്തില്‍ നിന്ന് ഇരുപതോളം സര്‍വീസുകളാണ് റദ്ദാക്കിയത്. കരിപ്പൂരില്‍ നിന്ന് മാത്രം 12 സര്‍വീസുകള്‍ നിലച്ചപ്പോള്‍ പ്രവാസികളുള്‍പ്പടെ ആയിരകണക്കിന് യാത്രക്കാര്‍ ലക്ഷ്യത്തിലെത്താനാവാതെ കടുത്ത പ്രതിസന്ധിയിലായി. ഇതുമൂലം സൗദി ഉള്‍പ്പടെ ഗള്‍ഫ് നാടുകളില്‍ നിന്ന് നാട്ടിലേക്ക് യാത്ര തിരിക്കാന്‍ ഒരുങ്ങിയവര്‍ക്കും വിനയായി.
വിസിറ്റിംഗ് വിസയുടെ കാലാവധി കഴിയുന്ന കുടുംബങ്ങള്‍ ഉള്‍പ്പടെയുളളവരും ഇക്കൂത്തിലുണ്ട്. അധികൃതരുടെ തികഞ്ഞ അനാസ്ഥയാണ് ഇത്തരമൊരവസ്ഥക്ക് കാരണം. സമരപരിപാടികള്‍ മുന്‍കൂട്ടി കണ്ട് നടപടികള്‍ നീക്കുന്നതില്‍ പരാജയപ്പെട്ടവരാണ് ഈ യാത്രക്കാര്‍ക്കുണ്ടാകുന്ന ഏതൊരു നഷ്ടങ്ങള്‍ക്കും കാരണക്കാക്കരെന്ന് കെഎംസിസി നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഇവരില്‍ പലരുടെയും വിസ കാലാവധി ഇന്ന് തീരുന്നവരാണെന്നത് ഗുരുതരമായ വിഷയമാണ്. വെറും നഷ്ടപരിഹാരം കൊണ്ട് മാത്രം പരിഹരിക്കാന്‍ കഴിയുന്ന വിഷയമല്ല ഇക്കാര്യം.
ജീവനക്കാരുടെ പ്രശനങ്ങള്‍ മുന്‍കൂട്ടി അറിയാമെന്നിരിക്കെ ഇത്തരമൊരു ഘട്ടത്തില്‍ കണ്‍ഫേം ടിക്കറ്റ് നല്‍കി യാത്രക്കാരെ വഞ്ചിക്കുന്ന നിലപാടാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അധികൃതര്‍ സ്വീകരിച്ചത്. പ്രവാസികള്‍ക്ക് നേരിട്ട യാത്ര ദുരിതത്തില്‍ കേരള സര്‍ക്കാരും നോര്‍ക്കയും അടിയന്തരമായി ഇടപെടണമെന്നും വിസ തീരുന്നത് മൂലം ജോലി നഷ്ടപ്പെടുന്നവര്‍ക്ക് ഉടന്‍ പരിഹാരം കണ്ടെത്തി നല്‍കണമെന്നും മറ്റുളളവര്‍ക്ക് നഷ്ടപരിഹാരവും നല്‍കണമെന്നും സൗദി കെഎംസിസി പ്രസിഡണ്ട് കുഞ്ഞിമോന്‍ കാക്കിയ, ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട്, ട്രഷറര്‍ അഹമ്മദ് പാളയാട്ട് , ചെയര്‍മാന്‍ ഖാദര്‍ ചെങ്കള എന്നിവര്‍ ആവശ്യപ്പെട്ടു.