റിയാദ്– സൗദി ഗ്രാൻഡ് മുഫ്തിയും ഉന്നത പണ്ഡിത സഭയുടെ തലവനുമായ ശൈഖ് അബ്ദുൽ അസീസ് ആലൂ ശൈഖിൻ്റെ വിയോഗം ലോകത്തിന്നു വലിയ നഷ്ടമാണെന്നും ലോക സമാധാനത്തിന് വേണ്ടി ശബ്ദിച്ച മഹാ വ്യക്തിത്വമാണ് വിട പറഞ്ഞതെന്നും ഡോ.ഹുസൈൻ മടവൂർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മഹാപണ്ഡിതനും ചിന്തകനും ഗ്രന്ഥകാരനും ഗവേഷകനും ആയിരുന്ന അദ്ദേഹത്തിൻ്റെ വേർപാട് ലോകത്തിന് മൊത്തത്തിലും മുസ്ലിം സമൂഹത്തിന് പ്രത്യേകിച്ചും വലിയ നഷ്ടമാണ് വരുത്തിവെച്ചിട്ടുള്ളത്.
1943 ൽ മക്കയിൽ ജനിച്ച അദ്ദേഹം എട്ടാം വയസ്സിൽ തന്നെ ശൈഖ് മുഹമ്മദ് ബിൻ സിനാന്റെ കീഴിൽ ഖുർആൻ മുഴുവൻ ഹൃദിസ്ഥമാക്കി.
ശൈഖ് മുഹമ്മദ് ബിൻ അബ്ദിൽ വഹാബിന്റെ വംശപരമ്പരയിലുള്ള പണ്ഡിതനായിരുന്നു അദ്ദേഹം. ഈ പരമ്പരയിലുള്ളവരെയാണ് ആലു ഷെയ്ഖ് എന്ന് വിളിക്കപ്പെടുന്നത്.
1982 മുതൽ 2015 വരെ തുടർച്ചയായി 35 വർഷം ഹജ്ജ് വേളയിൽ അറഫാ പ്രസംഗം നിർവ്വഹിച്ചത് അദ്ദേഹമായിരുന്നു. ചരിത്രത്തിൽ ഏറ്റവും ദീർഘകാലം അറഫയിൽ പ്രസംഗം നടത്തിയ ഖത്വീബ് ( പ്രഭാഷകൻ) എന്ന മഹത്വം സ്വന്തമാക്കി.
റിയാദിലെ ഇമാമുദ്ദഅവ ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. തുടർന്ന് ഇമാം മുഹമ്മദ് ബിൻ സഊദ് ഇസ്ലാമിക് സർവകലാശാലയുടെ കീഴിലുള്ള റിയാദിലെ കോളേജ് ഓഫ് ശരീഅയിൽ അസോസിയേറ്റ് പ്രൊഫസർ ആയി നിയമിതനായി. അവിടെ അധ്യാപനത്തിന് പുറമെ, കോളേജ് ഓഫ് ശരീഅ, കോളേജ് ഓഫ് ഉസൂലൂദ്ദീൻ, റിയാദിലെ ഹൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജുഡീഷ്യറി, മക്കയിലെ ഉമ്മുൽ ഖുറാ സർവകലാശാലയിലെ കോളേജ് ഓഫ് ശരീഅ എന്നിവിടങ്ങളിലെ മാസ്റ്റർസ്, ഡോക്ടറേറ്റ് ഗവേഷണ പ്രബന്ധങ്ങളുടെ മേൽനോട്ടവും വൈവകളും നിർവഹിച്ചു. കൂടാതെ റിയാദിലെ ഹൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജുഡീഷ്യറിയിൽ അധ്യാപനവും സർവകലാശാലയിലെ വിവിധ ശാസ്ത്ര കൗൺസിലുകളിൽ അംഗത്വവും സജീവ പങ്കാളിത്തവും വഹിച്ചു.
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മതത്തിൻ്റെ പേരിൽ വർഗ്ഗീയതയും തീവ്രവാദവും ഭീകരതയും തല പൊക്കിയപ്പോൾ തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടെടുക്കുക്കയും ഇസ്ലാം ശാന്തിയുടെ സന്ദേശമാണെന്ന് ലോകത്തോട് തുറന്ന് പ്രഖ്യാപിക്കുകയും ചെയ്ത ആളാണദ്ദേഹം. 30 ലക്ഷത്തോളം ഹാജിമാർ ഒരുമിച്ച് കൂടിയ അറഫയിലെ ഖുത്വുബയിൽ ഐ.എസ്സിനെതിരെ അദ്ദേഹം സംസാരിച്ചു. ഐ.എസ് ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നില്ലെന്നും ഇസ്ലാം എന്നും ശാന്തിയുടെ മതമാണെന്നും അദ്ദേഹം ലോകത്തോട് വിളിച്ചു പറഞ്ഞു, മാത്രമല്ല അറബ് ലോകത്ത് പല സ്ഥലങ്ങളിലും തീവ്രവാദത്തിനെതിരെയുള്ള പ്രവർത്തനങ്ങൾക്ക് സൗദി അറേബ്യ നേതൃത്വം നൽകുന്നതിന് ഇദ്ദേഹത്തിൻ്റെ ഉപദേശത്തിന് വലിയ പങ്കുണ്ട്. ലോക മുസ്ലിം സംഘടനയായ മുസ്ലിം വേൾഡ് ലീഗിൻ്റെ പ്രസിഡൻറ് കൂടിയായിരുന്നു അദ്ദേഹം.