റിയാദ്– കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സൗദി അറേബ്യയുടെ മൊത്തം ആഭ്യന്തരോല്‍പാദനം (ജി.ഡി.പി) 2.6 ട്രില്യണ്‍ റിയാലില്‍ നിന്ന് 4.7 ട്രില്യണ്‍ റിയാലായി ഉയര്‍ന്നതായി നിക്ഷേപ മന്ത്രി ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. റിയാദില്‍ സര്‍ക്കാര്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നിക്ഷേപ മന്ത്രി. ഇക്കാലയളവില്‍ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് പതിമൂന്നു ശതമാനത്തില്‍ നിന്ന് ഏഴര ശതമാനമായി കുറഞ്ഞു. ധനമേഖലയില്‍ സ്വദേശികള്‍ക്ക് ഒന്നര ലക്ഷം തൊഴിലവസരങ്ങള്‍ ലഭിച്ചു. സൗദി സമ്പദ്‌വ്യവസ്ഥയില്‍ എട്ടു ലക്ഷം തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിച്ചു. സമ്പദ്‌വ്യവസ്ഥയില്‍ സ്വദേശി വനിതകളുടെ സംഭാവന ഇരട്ടിയായി ഉയര്‍ന്നുവെന്നും മന്ത്രി വ്യക്തമാക്കി.
2024 ല്‍ രാജ്യത്ത് 119 ബില്യണ്‍ റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ എത്തി. രാജ്യത്ത് നിക്ഷേപങ്ങള്‍ നടത്തിയ വിദേശ നിക്ഷേപകരുടെ എണ്ണം 62,000 ആയി ഉയര്‍ന്നു. മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ പെട്രോളിതര മേഖലയുടെ സംഭാവന 56 ശതമാനമായും ഉയര്‍ന്നിട്ടുണ്ട്. 2016 ല്‍ വിഷന്‍ 2030 പ്രഖ്യാപിച്ച ശേഷം സൗദി സമ്പദ്‌വ്യവസ്ഥ എട്ടു ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയതായും ഖാലിദ് അല്‍ഫാലിഹ് കൂട്ടിചേർത്തു.
സൗദി വിഷന്‍ 2030 നടപ്പാക്കുന്നതില്‍ ഓരോ സൗദി പൗരനും നിര്‍ണായകവും അനിവാര്യവുമായ പങ്കാളിയാണ്. പത്തു വര്‍ഷത്തിനിടെ സ്വകാര്യ മേഖലയില്‍ സൗദികളുടെ ശരാശരി വേതനം 45 ശതമാനത്തിലേറെ വര്‍ധിച്ചു. സൗദിയില്‍ മൊത്തം സ്ഥിര മൂലധന രൂപീകരണം 1.441 ട്രില്യണ്‍ റിയാലിലെത്തി. അന്തിമ കണക്കുകള്‍ ലഭിക്കുന്നതോടെ കഴിഞ്ഞ വര്‍ഷം സൗദിയിലെത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപം 140 ബില്യണ്‍ റിയാലായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2017 ല്‍ സൗദിയിലെ വിദേശ നിക്ഷേപങ്ങള്‍ ഏകദേശം 672 ബില്യണ്‍ റിയാലായിരുന്നു. 2024 അവസാനത്തോടെ ഇത് 1.44 ട്രില്യണ്‍ റിയാലായി വര്‍ധിച്ചു. സൗദിയിലെ വിദേശ നിക്ഷേപങ്ങള്‍ 2025 ല്‍ ആദ്യമായിട്ടാണ് 1.5 ട്രില്യണ്‍ റിയാല്‍ കവിഞ്ഞതെന്നും മന്ത്രി ചൂണ്ടികാണിച്ചു.
പ്രാദേശിക ആസ്ഥാനം സൗദിയിലേക്ക് മാറ്റാന്‍ തീരുമാനിച്ച 700 ലേറെ കമ്പനികള്‍ക്ക് ഇതിനകം ലൈസന്‍സുകള്‍ നല്‍കിയിട്ടുണ്ട്. 2025 ലെ കണക്കുകള്‍ പ്രകാരം സൗദികളുടെ പേരില്‍ ഏകദേശം 18 ലക്ഷം കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളുണ്ട്. 2025 അവസാനത്തോടെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സൗദികളുടെ എണ്ണം 24.8 ലക്ഷമായി ഉയര്‍ന്നു. ടൂറിസം, ഫാര്‍മസി, അക്കൗണ്ടിംഗ് ഉള്‍പ്പെടെയുള്ള സുപ്രധാന മേഖലകളില്‍ തൊഴിലവസരങ്ങള്‍ ഇരട്ടിയായി. ഈ സൂചകങ്ങള്‍ സൗദി സമ്പദ്വ്യവസ്ഥയുടെ ശക്തി, സുസ്ഥിര വളര്‍ച്ച, ആഗോള നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ സൗദി സമ്പദ്‌വ്യവസ്ഥയുടെ വര്‍ധിച്ചുവരുന്ന ആകര്‍ഷണം എന്നിവ പ്രതിഫലിപ്പിക്കുന്നതായും നിക്ഷേപ മന്ത്രി പറഞ്ഞു.



