ജിദ്ദ – സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ദിവസങ്ങള്‍ നീളുന്ന അമേരിക്കന്‍ സന്ദര്‍ശനത്തിന് ചൊവ്വാഴ്ച തുടക്കമാകും. കിരീടാവകാശിയുടെ സന്ദര്‍ശനത്തിനിടെ ഇരു രാജ്യങ്ങളും സംയുക്ത പ്രതിരോധ സഹകരണ കരാര്‍ ഒപ്പുവെക്കും.
ചൊവ്വാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി സൗദി കിരീടാവകാശി കൂടിക്കാഴ്ച നടത്തും. യു.എസ് പ്രസിഡന്റും സൗദി കിരീടാവകാശിയും വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസിലാണ് ചര്‍ച്ചകള്‍ നടത്തുക. തുടര്‍ന്ന് ട്രംപ് ഒരുക്കുന്ന ഔദ്യോഗിക ഉച്ചവിരുന്നില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പങ്കെടുക്കും. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ അമേരിക്കയും ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യയും തമ്മിലുള്ള ശക്തമായ ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്ന കരാറുകളോടെയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അമേരിക്കന്‍ സന്ദര്‍ശനം അവസാനിപ്പിക്കുകയെന്ന് ബ്ലൂംബെര്‍ഗ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സംയുക്ത പ്രതിരോധ കരാര്‍, സൗദി അറേബ്യയുടെ സമാധാനപരമായ ആണവ പദ്ധതിയെ സഹായിക്കാനുള്ള കരാര്‍, സൗദി അറേബ്യക്ക് 48 എഫ്- 35 യുദ്ധവിമാനങ്ങള്‍ വില്‍ക്കാനുള്ള കരാര്‍ എന്നിവ അടക്കം പ്രതീക്ഷിക്കുന്ന കരാറുകള്‍ അന്തിമമാക്കാനായി കിരീടാവകാശിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി അമേരിക്കന്‍, സൗദി ഉദ്യോഗസ്ഥര്‍ തമ്മില്‍ ഊര്‍ജിതമായ ചര്‍ച്ചകള്‍ നടന്നു. കിരീടാവകാശിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ബുധനാഴ്ച യു.എസ്-സൗദി നിക്ഷേപ സമ്മേളനം നടക്കും. പ്രധാന അമേരിക്കന്‍ സാങ്കേതിക കമ്പനികളുടെ സി.ഇ.ഒമാര്‍ ഉള്‍പ്പെടെ വാള്‍സ്ട്രീറ്റിലെയും സിലിക്കണ്‍ വാലിയിലെയും പ്രമുഖ നേതാക്കള്‍ നിക്ഷേപ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയൊരു മിഡില്‍ ഈസ്റ്റിന് അടിത്തറ പാകാനായി ശക്തമായ പങ്കാളിത്തം സ്ഥാപിക്കുകയാണ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ സന്ദര്‍ശന ലക്ഷ്യമെന്ന് പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റി നിയര്‍ ഈസ്റ്റ് സ്റ്റഡീസ് പ്രൊഫസര്‍ ബെര്‍ണാഡ് ഹേക്കല്‍ പറഞ്ഞു.
വൈറ്റ് ഹൗസില്‍ എത്തുന്ന കിരീടാവകാശിക്ക് സൗത്ത് ലോണില്‍ ഗംഭീര സ്വീകരണം നല്‍കുമെന്ന് അസോസിയേറ്റഡ് പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗിക സ്വീകരണത്തിന് ശേഷം, സൗദി കിരീടാവകാശിക്ക് ഉചിതമായ സ്വീകരണം നല്‍കാനായി ട്രംപ് വൈറ്റ് ഹൗസിന്റെ സൗത്ത് വിംഗില്‍ വിശിഷ്ടാതിഥിയെ സ്വാഗതം ചെയ്യുമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതിനുശേഷം, യു.എസ് പ്രസിഡന്റും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഓവല്‍ ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് സംയുക്ത കരാറുകളില്‍ ഒപ്പുവെക്കാനും ട്രംപ് ഒരുക്കുന്ന ഉച്ചവിരുന്നില്‍ പങ്കെടുക്കാനും ഇരുവരും കാബിനറ്റ് റൂമിലേക്ക് പോകും.
കിരീടാവകാശിയുടെ സന്ദര്‍ശനത്തിനിടെ സാമ്പത്തിക, പ്രതിരോധ കരാറുകള്‍ ഇരു രാജ്യങ്ങളും ഒപ്പുവെക്കുമെന്ന് യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം വൈറ്റ് ഹൗസിന്റെ ഈസ്റ്റ് റൂമില്‍ പ്രഥമ വനിത മെലാനിയ ട്രംപ് ആതിഥേയത്വം വഹിക്കുന്ന അത്താഴവിരുന്നില്‍ സൗദി കിരീടാവകാശി പങ്കെടുക്കും. കിരീടാവകാശിയുടെ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം വാഷിംഗ്ടണിലെ ജോണ്‍ എഫ്. കെന്നഡി സെന്ററില്‍ യു.എസ്-സൗദി നിക്ഷേപ സമ്മേളനം നടക്കുമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അമേരിക്കയിലെ പ്രമുഖ ബിസിനസ് നേതാക്കളെ ഒരുമിച്ച് കൊണ്ടുവരുന്ന സമ്മേളനത്തില്‍ ട്രംപ് പങ്കെടുക്കുമോ എന്ന് ഇതുവരെ ഉറപ്പായിട്ടില്ല. എന്നിരുന്നാലും, ട്രംപ് പങ്കെടുക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
എഫ്-35 യുദ്ധവിമാനങ്ങള്‍ക്കുള്ള സൗദി അറേബ്യയുടെ അപേക്ഷ അംഗീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി പ്രസിഡന്റ് ട്രംപ് വെള്ളിയാഴ്ച എയര്‍ഫോഴ്സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സൗദി കിരീടാവകശിയുമായി താന്‍ നടത്താന്‍ പോകുന്നത് പതിവ് കൂടിക്കാഴ്ചയേക്കാള്‍ വലുതാണ്. പ്രാദേശിക സ്ഥിരതയില്‍ വഹിക്കുന്ന പങ്കിന് ഞങ്ങള്‍ സൗദി അറേബ്യയെ ബഹുമാനിക്കുന്നു. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ സന്ദര്‍ശനത്തില്‍ സാമ്പത്തിക, പ്രതിരോധ കരാറുകള്‍ ഉള്‍പ്പെടും. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വിപുലീകരിക്കും. പുതിയ കരാറുകള്‍ ഒപ്പുവെക്കുന്നതിനെ കുറിച്ച് ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്യുകയാണെന്നും യു.എസ് പ്രസിഡന്റ് സൂചിപ്പിച്ചു.
ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തെ ചെറുക്കുന്നതിന് സൗദി അറേബ്യക്ക് ആവശ്യമായ സുരക്ഷാ ഗ്യാരണ്ടികള്‍ നല്‍കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവ് കിരീടാവകാശിക്ക് യു.എസ് പ്രസിഡന്റില്‍ നിന്ന് ലഭിക്കുമെന്ന് കരുതുന്നതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. സൗദി അറേബ്യയുടെ വിഷന്‍ 2030 പദ്ധതിയില്‍ സംയുക്ത പ്രതിരോധം നിര്‍ണായകമാണെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കാണുന്നതായി യുറേഷ്യ ഗ്രൂപ്പിലെ മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക ഡയറക്ടര്‍ ഫിറാസ് മഖ്സദ് പറഞ്ഞു. സൗദി അറേബ്യയുടെ വിഷന്‍ 2030 ല്‍ പ്രധാന പരിവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്നു. വിദേശ നിക്ഷേപങ്ങള്‍ക്കായി സൗദി അറേബ്യയുടെ കവാടങ്ങള്‍ വിഷന്‍ 2030 തുറക്കുന്നു. ഇസ്രായിലും ഇറാനും തമ്മിലുള്ള 12 ദിവസത്തെ യുദ്ധത്തിനും കഴിഞ്ഞ സെപ്റ്റംബറില്‍ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തിനും ശേഷം സൗദി, അമേരിക്കന്‍ സംയുക്ത പ്രതിരോധ കരാറിന്റെ ആവശ്യകത കൂടുതല്‍ ശക്തമായതായി ഫിറാസ് മഖ്സദ് പറഞ്ഞു. യു.എസും സൗദി അറേബ്യയും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്ന് ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനിടെ യു.എസ് വിദേശ മന്ത്രി മാര്‍ക്കോ റൂബിയോ ബുധനാഴ്ച കാനഡയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സ്റ്റെല്‍ത്ത് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന എഫ്-35 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ സൗദി അറേബ്യ ആഗ്രഹിക്കുന്നതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഈ നൂതന വിമാനങ്ങള്‍ സൗദി അറേബ്യക്ക് വില്‍ക്കാന്‍ പ്രസിഡന്റ് ട്രംപ് തയാറാണെന്ന് സൂചനയുണ്ട്. യു.എസ് കമ്പനികളില്‍ നിന്ന് നൂതന കൃത്രിമ ഇന്റലിജന്‍സ് ചിപ്പുകള്‍ ഇറക്കുമതി ചെയ്യാനുള്ള സൗദി അറേബ്യയുടെ ശക്തമായ ആഗ്രഹമാണ് മറ്റൊരു പ്രശ്‌നം. ചിപ്പുകള്‍ മൂന്നാം കക്ഷിയുടെ കൈകളില്‍ എത്താതിരിക്കാന്‍ ഇരു രാജ്യങ്ങളും സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കുന്നുണ്ടെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
യു.എസ് പ്രസിഡന്റും സൗദി കിരീടാവകാശിയും ട്രംപിന്റെ ഗാസ സമാധാന പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. ലോകമെമ്പാടുമുള്ള അമേരിക്കയുടെ എല്ലാ സഖ്യകക്ഷികള്‍ക്കുമിടയില്‍ സൗദി കിരീടാവകാശിയെക്കാള്‍ കരുത്തനായി മറ്റാരുമില്ലെന്ന് കഴിഞ്ഞ മെയ് മാസത്തില്‍ നടത്തിയ റിയാദ് സന്ദര്‍ശന വേളയില്‍ ട്രംപ് പ്രസ്താവിച്ചത് അമേരിക്കന്‍ പ്രസിഡന്റും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം വ്യക്തമാക്കുന്നു. അനിശ്ചിതത്വം നിറഞ്ഞ മേഖലയില്‍ സൗദി അറേബ്യയെ വിശ്വസനീയ പങ്കാളിയായി അമേരിക്ക കണക്കാക്കുന്നതായി ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്തു.
പ്രസിഡന്റ് ട്രംപിന്റെ കാലാവധി അവസാനിച്ച ശേഷവും നിലനില്‍ക്കുന്ന കൂടുതല്‍ സ്ഥിരമായ സംയുക്ത പ്രതിരോധ കരാര്‍ ഒപ്പുവെക്കാനാണ് സൗദി അറേബ്യ ശ്രമിക്കുന്നതെന്ന് സൗദി അറേബ്യയിലെ മുന്‍ യു.എസ് അംബാസഡര്‍ മൈക്കല്‍ റാറ്റ്നി പറഞ്ഞു. കൃത്രിമ ഇന്റലിജന്‍സ് പ്രോഗ്രാമില്‍ നിക്ഷേപങ്ങള്‍ നടത്താനുള്ള ശ്രമങ്ങളില്‍ അമേരിക്ക വിശ്വസ്ത പങ്കാളിയാകുമെന്നതിന് സൗദി അറേബ്യ ശക്തമായ ഉറപ്പ് ആഗ്രഹിക്കുന്നുണ്ടെന്നും മൈക്കല്‍ റാറ്റ്നി കൂട്ടിച്ചേര്‍ത്തു.



