റിയാദ് – 2025 ലെ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം നേടിയ പ്രൊഫസര്‍ ഉമര്‍ യാഗിയെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ റിയാദ് അല്‍യെമാമ കൊട്ടാരത്തിലെ തന്റെ ഓഫീസില്‍ സ്വീകരിച്ചു. രസതന്ത്ര മേഖലക്കുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ക്കും സംഭാവനകള്‍ക്കുമുള്ള അഭിനന്ദനവും അംഗീകാരവും പ്രതിഫലിപ്പിക്കുന്ന സമ്മാനം ലഭിച്ചതില്‍ പ്രൊഫസര്‍ ഉമര്‍ യാഗിയെ കിരീടാവകാശി അഭിനന്ദിക്കുകയും അദ്ദേഹത്തിന് തുടര്‍ച്ചയായ വിജയം ആശംസിക്കുകയും ചെയ്തു.


പ്രൊഫസര്‍ ഉമര്‍ യാഗി കിരീടാവകാശിക്ക് നന്ദി പറഞ്ഞു. കൂടിക്കാഴ്ചക്കും തന്റെ പ്രവര്‍ത്തന മേഖലക്ക് കിരീടാവകാശിയില്‍ നിന്ന് ലഭിക്കുന്ന പിന്തുണക്കും കൃതജ്ഞത പ്രകടിപ്പിച്ചു. ജോര്‍ദാന്‍ വംശജനായ പ്രൊഫ. ഉമര്‍ യാഗി അമേരിക്കന്‍ പൗരനാണ്. സമീപ കാലത്ത് ഇദ്ദേഹത്തിന് സൗദി പൗരത്വം അനുവദിച്ചിരുന്നു. ഇതിനു ശേഷമാണ് നേബല്‍ സമ്മാനം ലഭിച്ചത്. ഗവേഷണം, വികസനം, ഇന്നൊവേഷന്‍ എന്നിവയില്‍ രാജ്യത്തിന്റെ വര്‍ധിച്ചുവരുന്ന താല്‍പ്പര്യത്തിന്റെ ഭാഗമായാണ് പ്രൊഫസര്‍ ഉമര്‍ യാഗിക്ക് സൗദി പൗരത്വം സമ്മാനിക്കുകയും അദ്ദേഹവുുമായി സൗദി കിരീടാവകാശി കൂടിക്കാഴ്ച നടത്തിത്തുകയും ചെയ്തത്. മുന്‍ അമേരിക്കന്‍ വിദേശ മന്ത്രി ഹിലരി ക്ലിന്റണെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ റിയാദ് അല്‍യെമാമ കൊട്ടാരത്തില്‍ സ്വീകരിച്ചു. കൂടിക്കാഴ്ചക്കിടെ സൗഹൃദ സംഭാഷണങ്ങള്‍ നടന്നു.



